ബജറ്റിൽ പ്രഖ്യാപിച്ച ടാക്സ് ഇല്ലാത്ത നിക്ഷേപം ; പുതിയ Personal Investment Account വിശദമായി അറിയാം

By Rose Malayalam Desk

ബജറ്റിൽ പ്രഖ്യാപിച്ച 50000 യൂറോ വരെ നികുതിയില്ലാതെ നിക്ഷേപിക്കാം എന്ന പദ്ധതിയെ പ്രതീക്ഷയോടെ നോക്കിക്കൊണ്ട് ഇൻവെസ്റ്റേഴ്സ്. പുതിയ പേർസണൽ ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടിൽവർഷം പരമാവധി 12,000 യൂറോ വരെ നിക്ഷേപിക്കാം. പദ്ധതി പ്രകാരം പരമാവധി അമ്പതിനായിരം യൂറോ വരെ നിക്ഷേപിക്കാം.അമ്പതിനായിരം യൂറോ കടന്നാൽ അധിക തുകയ്ക്ക് 1% വാർഷിക നികുതി കൊടുക്കണം.

സാധാരണക്കാർക്ക് ഓഹരികളിലും മറ്റ് നിക്ഷേപങ്ങളിലും കൂടുതൽ എളുപ്പത്തിൽ പണം നിക്ഷേപിക്കാൻ അവസരം ഒരുക്കുന്ന പുതിയ Personal Investment Account പദ്ധതിയുടെ വിശദാംശങ്ങൾ ബജറ്റ് 2027-ൽ സർക്കാർ പ്രഖ്യാപിച്ചു. 2027 ജൂലൈ 1 മുതൽ പദ്ധതി നിലവിൽ വരും. പുതിയ അക്കൗണ്ടിൽ ഒരാൾക്ക് വർഷത്തിൽ പരമാവധി പന്തീരായിരം യൂറോ വരെ നിക്ഷേപിക്കാനാകും. അക്കൗണ്ടിന്റെ മൂല്യം 50000 യൂറോ വരെ പദ്ധതിയുടെ പരിധിയിൽ നികുതി ബാധകമാകില്ല. എന്നാൽ 50000 യൂറോയ്ക്ക് മുകളിലുള്ള അക്കൗണ്ട് മൂല്യത്തിന് 1% വാർഷിക നികുതി ചുമത്തും. ഈ 1% നികുതി ആ വർഷത്തെ ലാഭത്തിന് മാത്രമല്ല, €50,000-ന് മുകളിലുള്ള അക്കൗണ്ട് മൂല്യത്തിനാണ് ബാധകമാകുന്നത്.

ആർക്കൊക്കെ അക്കൗണ്ട് തുറക്കാം?

അയർലണ്ടിൽ 18 വയസിന് മുകളിലുള്ള നികുതി താമസക്കാർക്കും (tax residents) PPS നമ്പർ ഉള്ളവർക്കും അക്കൗണ്ട് തുറക്കാം. ഒരാൾക്ക് ഒരു പേർസണൽ ഇൻവെസ്റ്റ്മെന്റ് അക്കൗണ്ട് മാത്രമേ അനുവദിക്കൂ. കുറഞ്ഞ നിക്ഷേപ തുക നിർബന്ധമല്ല.അക്കൗണ്ടിലൂടെ ലിസ്റ്റ് ചെയ്ത ഓഹരികൾ, ബോണ്ടുകൾ, ETF-കൾ, റീട്ടെയിൽ നിക്ഷേപകർക്ക് അനുയോജ്യമായ ചില നിയന്ത്രിത ഇൻവെസ്റ്റ്മെന്റ് ഫണ്ട്സ് തുടങ്ങിയവയിൽ നിക്ഷേപിക്കാം. എന്നാൽ ക്രിപ്റ്റോ ആസ്തികൾ, derivatives തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള സങ്കീർണ നിക്ഷേപങ്ങൾ പദ്ധതിയിൽ ഉൾപ്പെടില്ല.

നിലവിലെ നികുതി സംവിധാനത്തിൽ നിന്ന് വ്യത്യസ്തം

പുതിയ അക്കൗണ്ടിലെ നിക്ഷേപങ്ങൾക്ക് നിലവിൽ പല ഇൻവെസ്റ്റ്മെന്റ് പ്രോഡക്ടസിനും ബാധകമായ ക്യാപിറ്റൽ ഗൈൻസ് ടാക്സ്, ഇൻവെസ്റ്റ്മെന്റ് അണ്ടർടേക്കിങ് ടാക്സ്, ലൈഫ് അഷുറൻസ് എക്സിറ്റ് ടാക്സ്, ഡീമിഡ് ഡിസ്പോസൽ തുടങ്ങിയ നികുതി സംവിധാനങ്ങൾ ബാധകമാകില്ല. ഇതിന് പകരം അക്കൗണ്ടിന്റെ മൂല്യം അടിസ്ഥാനമാക്കി പുതിയ 1% നികുതി സംവിധാനം കൊണ്ടുവരുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിക്ഷേപ അക്കൗണ്ട് മറ്റൊരു പ്രോവൈഡറിലേക്ക് മാറ്റുന്നതിനും സാധ്യമാകുന്നിടത്ത്, tax-neutral basis-ൽ സൗകര്യമുണ്ടാകും. അക്കൗണ്ട് അവസാനിപ്പിക്കാൻ നിശ്ചിത കാലയളവിലേക്ക് പണം പിൻവലിക്കാൻ സാധിക്കാത്ത നിർബന്ധിത lock-in period ഉണ്ടായിരിക്കില്ല.

എന്തിനാണ് പുതിയ പദ്ധതി?

അയർലണ്ടിലെ കുടുംബങ്ങൾ വലിയ തോതിൽ പണം ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിക്കുന്നുണ്ടെങ്കിലും നേരിട്ടുള്ള നിക്ഷേപങ്ങളിൽ പങ്കാളിത്തം താരതമ്യേന കുറവാണെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ അയർലണ്ടിലെ കുടുംബങ്ങളുടെ ഫിനാൻഷ്യൽ അസറ്റ്സിന്റെ ഏകദേശം 2.3% മാത്രമാണ് ഡയറക്റ്റ് ഇൻവെസ്റ്റ്മെന്റ്സ് ആയിട്ടുള്ളത്.ഇത് യൂറോപ്പ്യൻ യൂണിയനിൽ ശരാശരി ഏകദേശം 7.5% ആണ്. അതുകൊണ്ട് ബാങ്ക് നിക്ഷേപങ്ങളിൽ മാത്രം പണം സൂക്ഷിക്കുന്നതിനു പകരം ഓഹരികളും മറ്റ് വിപണി നിക്ഷേപങ്ങളും പരിഗണിക്കാൻ സാധാരണക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പുതിയ പേർസണൽ ഇൻവെസ്റ്റ്മെന്റ് അക്കൗണ്ട് 2027 ജൂലൈ 1 മുതൽ ലഭ്യമാകും. പദ്ധതിയുടെ അന്തിമ നിയമവ്യവസ്ഥകൾ Finance Bill-ൽ ഉൾപ്പെടുത്തും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments