നടി തപ്‌സി പന്നു വിവാഹിതയായി

By Rose Malayalam Desk

നടി തപ്‌സി പന്നു വിവാഹിതയായി. ബാഡ്മിന്റണ്‍ താരവും, ഡെന്മാര്‍ക്ക് സ്വദേശിയുമായ മത്തിയാസ് ബോ ആണ് വരന്‍. പത്ത് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. കാമുകന്റെ പേര് തപ്‌സി തന്നെയാണ് ഈയിടെ പരസ്യമാക്കിയത്. സിഖ്- ക്രിസ്ത്യന്‍ ആചാരപ്രകാരം രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

2010-ല്‍ തെലുങ്കില്‍ ജുമ്മണ്ടി നാടം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ തപ്‌സി, തൊട്ടടുത്ത വര്‍ഷം ആടുകളം എന്ന വെട്രിമാരന്‍ ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മലയാളത്തില്‍ ഡബിള്‍സ് എന്ന മമ്മൂട്ടി ചിത്രത്തിലും, തെലുങ്ക്, തമിഴ് സിനിമകളിലും അഭിനയിച്ചെങ്കിലും ഇന്ത്യയിലെ മികച്ച നടി എന്ന് അറിയപ്പെടാന്‍ തുടങ്ങിയത് ഹിന്ദി സിനിമകളിലൂടെയാണ്.

ഏറെ പ്രേക്ഷക, നിരൂപക പ്രശംസ നേടിയ പിങ്ക് എന്ന ചിത്രത്തിലെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നാം ഷബാന, ബദ്‌ലാ, മിഷന്‍ മംഗള്‍, ധാപ്പട് തുടങ്ങിയ ചിത്രങ്ങളിലൂടെ തിളങ്ങിയ നടി, ഷാറൂഖ് ഖാനെ നായകനാക്കി രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത ഡങ്കി എന്ന സിനിമയിലും വേഷമിട്ടു.

സിനിമയ്ക്ക് പുറത്ത് ശക്തമായ രാഷ്ട്രീയ നിലപാടുകളാലും ശ്രദ്ധേയയാണ് തപ്‌സി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments