ഡബ്ലിൻ ആശുപത്രിയിൽ സർജറി കഴിഞ്ഞ വയോധിക രക്തം വാർന്ന് മരിച്ചു; മാപ്പ് പറഞ്ഞ് ആശുപത്രി അധികൃതർ

ഡബ്ലിനിലെ St Vincent’s University Hospital-ല്‍ ട്രെയിനീ സര്‍ജന്മാര്‍ നടത്തിയ ഓപ്പറേഷനെത്തുടര്‍ന്ന് വയോധിക മരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ആശുപത്രി അധികൃതര്‍. 76-കാരിയായ ഫ്രെഡ ഫോക്‌സ് ആണ് പാന്‍ക്രിയാസിലെ മുഴ നിക്കാനുള്ള സര്‍ജറിക്കിടെ 17 ലിറ്റര്‍ രക്തം നഷ്ടപ്പെട്ട് മരണത്തിന് കീഴടങ്ങിയത്. തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ നല്‍കിയ കേസില്‍ ഹൈക്കോടതി വാദം കേള്‍ക്കവേയാണ് ആശുപത്രി അധികൃതര്‍ മാപ്പ് പറഞ്ഞത്.

2017 സെപ്റ്റംബര്‍ 1-നായിരുന്നു രണ്ട് ട്രെയിനീ സര്‍ജന്മാരുടെ നേതൃത്വത്തില്‍ ഫ്രെഡയ്ക്ക് അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ആരംഭിച്ചത്. പാന്‍ക്രിയാസിലെ മുഴ കാന്‍സറായി മാറുന്നതിന് മുമ്പ് എടുത്തുമാറ്റുന്നതിനായിരുന്നു സര്‍ജറി. എന്നാല്‍ സര്‍ജറി ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ സ്ഥിതി വഷളായി. തുടര്‍ന്ന് സര്‍ജറി പൂര്‍ത്തിയാക്കാതെ നാല് മണിക്കൂറിന് ശേഷം ഫ്രെഡയെ ഐസിയുവിലേയ്ക്ക് മാറ്റി. ഇവിടെ വച്ച് ഇവര്‍ മരിക്കുകയും ചെയ്തു. സര്‍ജറിക്കിടെ 17 ലിറ്റര്‍ രക്തമാണ് ഫ്രെഡയ്ക്ക് നഷ്ടമായത്.

സംഭവത്തില്‍ ഇവരുടെ മക്കളാണ് ആശുപത്രിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി വിചാരണയില്‍ വെളിപ്പെട്ടു. 200,000 യൂറോ ഫ്രെഡയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കാനും വിധിയുണ്ടായി.

Share this news

Leave a Reply