കൂട്ട അവധിയെടുത്തത് കാരണം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ. മുന്‍കൂട്ടി അറിയിക്കാതെ ജോലിയില്‍ നിന്നും വിട്ടുനിന്നുവെന്ന് കാട്ടി 30 ക്യാബിന്‍ ക്രൂ ജീവനക്കാരെയാണ് അധികൃതര്‍ പിരിച്ചുവിട്ടത്. ചൊവ്വാഴ്ച രാത്രി മുതലാണ് നിരവധി ജീവനക്കാര്‍ ആരോഗ്യപ്രശ്‌നങ്ങളെന്ന് പറഞ്ഞ് കൂട്ട ലീവെടുക്കുകയും, തുടര്‍ന്ന് 86 ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയും ചെയ്തത്.
ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം എയര്‍ ഇന്ത്യയിലുണ്ടാക്കിയ പരിഷ്‌കരണങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ജീവനക്കാര്‍ കൂട്ട അവധി എടുത്തത്. അധികൃതര്‍ വിവേചനപരമായി പെരുമാറുന്നുവെന്നും ജീവനക്കാര്‍ നേരത്തെ ആരോപിച്ചിരുന്നു.
ഇന്നലെ രാത്രി തന്നെ പിരിച്ചുവിടല്‍ വ്യക്തമാക്കിക്കൊണ്ടുള്ള ഇമെയില്‍ സന്ദേശങ്ങള്‍ ജീവനക്കാര്‍ക്ക് അയച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. മുന്‍കൂട്ടി അറിയിക്കാതെ ജോലിയില്‍ നിന്നും വിട്ടുനിന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കര്‍ശന നടപടിയുടെ കാരണമായി കമ്പനി പറഞ്ഞു.
അതേസമയം സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയത് ആയിരക്കണക്കിന് യാത്രക്കാരെ അത് ബാധിച്ചിരുന്നു.