കണ്ണിലെണ്ണയൊഴിച്ച് കാത്തിരിപ്പ്…; അയർലണ്ടുകാരുടെ സ്വപ്നമായ National Children’s Hospital യാഥാർഥ്യമാകാൻ ഇനിയും വൈകും

അയര്‍ലണ്ടുകാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന National Children’s Hospital പ്രവര്‍ത്തനമാരംഭിക്കുന്നത് ഇനിയും നീളും. നിലവിലെ അവസ്ഥയില്‍ കുറഞ്ഞത് അടുത്ത വര്‍ഷം ഫെബ്രുവരിയോടെ മാത്രമേ ആശുപത്രിയുടെ പണി പൂര്‍ത്തിയാകൂ എന്നാണ് കരാറുകാരായ BAM അറിയിച്ചിരിക്കുന്നത്. ആശുപത്രിയുടെ നിര്‍മ്മാണത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഒക്ടോബര്‍ മാസത്തോടെ പൂര്‍ത്തിയാകുമെന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്.

പ്രധാന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 2022 ഓഗസ്റ്റ് മാസത്തില്‍ പൂര്‍ത്തിയാകുമെന്നായിരുന്നു കരാറുകാരായ BAM ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് 2022 നവംബര്‍ വരെ സമയം നീട്ടിനല്‍കി. പക്ഷേ എന്നിട്ടും നിര്‍മ്മാണം പൂര്‍ത്തിയാകാതെ സമയം പലതവണ മാറ്റുകയാണ് കരാറുകാര്‍ ചെയ്യുന്നതെന്ന് National Paediatric Hospital Development Board, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുമ്പില്‍ വിശദീകരിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 29 ആയിരുന്നു അവസാനം നിര്‍മ്മാണം പൂര്‍ത്തിയാകുന്ന തീയതിയായി പറഞ്ഞിരുന്നത്. ഇത് ഇനിയും നീളുമെന്നാണ് കരാറുകാര്‍ ഇപ്പോള്‍ പറയുന്നത്. നിര്‍മ്മാണത്തിന്റെ പുരോഗതി സംബന്ധിച്ച് കൃത്യമായി റിപ്പോര്‍ട്ട് നല്‍കാന്‍ കരാറുകാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബോര്‍ഡിന് വേണ്ടി ഹാജരായ ഡേവിഡ് ഗണ്ണിങ് പറഞ്ഞു.

അതേസമയം നിര്‍മ്മാണം പൂര്‍ത്തിയായാലും 2026 ആദ്യം മാത്രമേ ഇവിടെ രോഗികള്‍ക്ക് ചികിത്സ ആരംഭിക്കാന്‍ സാധിക്കൂ എന്നാണ് കരുതുന്നതെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി മേധാവിയും, Sinn Fein TD-യുമായ Brian Stanley പറഞ്ഞു.

അത്യാധുനിക സൗകര്യങ്ങളോടെ ലോകത്തെ തന്നെ ഏറ്റവും മികച്ച കുട്ടികളുടെ ആശുപത്രിയായാണ് ഡബ്ലിനില്‍ നിര്‍മ്മിക്കുന്ന National Children’s Hospital വിഭാവനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ മാസം വരെ 1.4 ബില്യണ്‍ യൂറോയാണ് ആശുപത്രിക്കായി മുടക്കിയിട്ടുള്ളത്. അതേസമയം പദ്ധതിക്ക് രൂപം നല്‍കിയ 2015-ല്‍ 650 മില്യണ്‍ യൂറോ ആയിരുന്നു ചെലവ് കണക്കാക്കിയിരുന്നത്.

Share this news

Leave a Reply

%d bloggers like this: