അയർലണ്ടിൽ പ്രധാനമന്ത്രിക്കും രക്ഷയില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൈമൺ ഹാരിസിനെ തള്ളിയും ഞെരുക്കിയും പ്രതിഷേധക്കാർ

കൗണ്ടി മേയോയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി സൈമണ്‍ ഹാരിസിനെയും, ഉന്തുകയും, തള്ളുകയും ചെയ്ത സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. വരുന്ന തെരഞ്ഞെടുപ്പുകളുടെ ഭാഗമായി ഞായറാഴ്ച Westport-ല്‍ വോട്ടഭ്യര്‍ത്ഥന നടത്തുന്നതിനിടെ അവിടെക്കൂടിയ പ്രതിഷേധക്കാര്‍ ഹാരിസിനെ തള്ളുകയും തിക്കിത്തിരക്കി ഞെരുക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് വിവരം. കൂടാതെ അവിടെയുണ്ടായിരുന്ന ഒരു ഗാര്‍ഡ ഉദ്യോഗസ്ഥന് നേരെ ആക്രമണമുണ്ടായതായും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചതായും, കൂടുതല്‍ വിവരങ്ങളൊന്നും ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും ഗാര്‍ഡ വക്താവും അറിയിച്ചു.

അതേസമയം ഇത്തരം പ്രശ്‌നങ്ങളെത്തുടര്‍ന്ന് താന്‍ കാംപെയിനിങ് നടത്തുന്നതില്‍ നിന്നും പിന്മാറില്ലെന്ന് പ്രധാനമന്ത്രി ഹാരിസ് പ്രതികരിച്ചു. രാജ്യത്തെ ചെറിയൊരുപക്ഷം ആളുകള്‍ രാഷ്ട്രീയത്തിലും, ജീവിതത്തിലും അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്നും, ഇക്കാര്യം പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ചിലതെല്ലാം പ്രതിഷേധങ്ങളാണെങ്കിലും മറ്റ് ചിലത് അതിക്രമമാണെന്ന് ചൂണ്ടിക്കാട്ടിയ ഹാരിസ്, പക്ഷേ രാജ്യത്തെ ഭൂരിപക്ഷം പേരും നല്ല ആളുകളാണെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇത്തരം അതിക്രമങ്ങളില്‍ നിന്നും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് സുരക്ഷ നല്‍കുന്നതിനുള്ള പ്രത്യേക നിയമം രാജ്യത്ത് നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നതായാണ് വിവരം.

Share this news

Leave a Reply