കേരളത്തിൽ യുഡിഎഫ് തേരോട്ടത്തിനിടയിലും തൃശൂർ എടുത്ത് സുരേഷ് ഗോപി; ഫലത്തിൽ പതറി എൽഡിഎഫ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തേരോട്ടം. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന എല്‍ഡിഎഫിന് വെറും രണ്ട് സീറ്റുകളില്‍ മാത്രം വിജയം ഉറപ്പിക്കാന്‍ സാധിച്ചിരിക്കെ 17 സീറ്റുകളുമായി കോണ്‍ഗ്രസ് തരംഗമായി. അതിനിടയിലും ചരിത്രത്തിലാദ്യമായി ബിജെപിക്ക് കേരളത്തില്‍ വിജയം സമ്മാനിച്ച് സുരേഷ് ഗോപിയും തിളങ്ങുകയാണ്. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലെത്തിയിരിക്കെ തൃശ്ശൂരില്‍ 73,954 വോട്ടിന്റെ ലീഡുള്ള അദ്ദേഹം വിജയം ഉറപ്പാക്കിക്കഴിഞ്ഞു.

അതേസമയം തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ ശക്തമായ മത്സരം കാഴ്ച വച്ചെങ്കിലും 15,974 വോട്ടിന് കോണ്‍ഗ്രസിന്റെ ശശി തരൂര്‍ മുന്നിലെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തരൂരിന്റെ വിജയം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഭരണവിരുദ്ധവികാരം ഉണ്ടെന്ന ആരോപണത്തെ ശരിവയ്ക്കും വിധമാണ് തെരഞ്ഞെടുപ്പില്‍ സിപിഐഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിന്റെ പ്രകടനം. 20-ല്‍ രണ്ട് സീറ്റുകളില്‍ മാത്രമാണ് എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. ആലത്തൂരില്‍ 22,000 വോട്ടിന്റെ ലീഡോടെ കെ രാധാകൃഷ്ണന്‍ വിജയത്തോട് അടുക്കുമ്പോള്‍ ആറ്റിങ്ങലില്‍ നില മാറിമറിയുകയാണ്. ത്രികോണ മത്സരത്തില്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് എല്‍ഡിഎഫിന്റെ വി ജോയ് 2,166 വോട്ടിന്റെ മാത്രം ലീഡില്‍ മുന്നിലാണ്. അതിനാല്‍ മണ്ഡലത്തില്‍ ഫോട്ടോ ഫിനിഷ് പ്രതീക്ഷിക്കാം.

Share this news

Leave a Reply