അയര്‍ലണ്ടില്‍ ഇന്നും ഇന്നലെയുമായി നടന്നുവരുന്ന പൗരത്വദാന ചടങ്ങില്‍ ഐറിഷ് പൗരത്വം സ്വീകരിക്കുന്നത് 5,400-ഓളം പേര്‍. ലോകത്തെ 143 രാജ്യങ്ങളില്‍ നിന്നായി എത്തി, അയര്‍ലണ്ടിലെ 30 കൗണ്ടികളിലായി താമസിക്കുന്നവര്‍ ഔദ്യോഗികമായി ഈ രാജ്യത്തെ പൗരന്മാരായി മാറുന്ന ആറ് ചടങ്ങുകളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്നത്. ഇതോടെ ഈ മാസം ഐറിഷ് പൗരത്വം നല്‍കപ്പെടുന്നവരുടെ എണ്ണം 10,000 ആയി ഉയരും. കില്ലാര്‍നിയില്‍ കഴിഞ്ഞയാഴ്ച നടന്ന ചടങ്ങുകളിലായി 4,800 പേര്‍ പൗരത്വം സ്വീകരിച്ചിരുന്നു.
ഡബ്ലിനിലെ ചടങ്ങില്‍ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്എന്റീ മുതലായവര്‍ പങ്കെടുത്തു.
അയര്‍ലണ്ട് ഈയിടെയായി കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നതില്‍ പിന്നോട്ട് പോയിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഇപ്പോഴും ഏവരെയും സ്വാഗതം ചെയ്യുന്ന രാജ്യം തന്നെയാണിതെന്ന് ഹാരിസ് പ്രതികരിച്ചു. വളരെ ചെറിയ ഒരു സംഘം ആളുകളെ [തീവ്രവലതുപക്ഷവാദികളെ], ഭൂരിപക്ഷത്തിന് വേണ്ടി സംസാരിക്കാന്‍ നാം അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
‘നിങ്ങള്‍ക്ക് അയര്‍ലണ്ടിനു വേണ്ടി സംസാരിക്കണമെങ്കില്‍ നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക, അങ്ങനെയാണ് രാജ്യത്തിനായി ആര് സംസാരിക്കണം എന്ന തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുക.’ ഹാരിസ് പറഞ്ഞു.
ഐറിഷ് മുസ്ലിം കൗണ്‍സില്‍ സ്ഥാപകനായ ഷെയ്ഖ് ഡോ. ഉമര്‍ അല്‍-ഖാദ്‌രി അടക്കമുള്ളവരാണ് ഈ ചടങ്ങില്‍ പൗരത്വം സ്വീകരിക്കുന്നത്. മുമ്പ് ഡബ്ലിനില്‍ വച്ച് അദ്ദേഹത്തിനെതിരെ വിദ്വേഷാതിക്രമമുണ്ടായത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.