അയര്‍ലണ്ടിലെ പമ്പുകളില്‍ ഇന്ധനവില കുറയുന്നു. എഎ ഫ്യുവല്‍ പ്രൈസ് സര്‍വേയുടെ ജൂണ്‍ മാസത്തിലെ റിപ്പോര്‍ട്ട് അനുസരിച്ച് പെട്രോളിന് ശരാശരി 4 സെന്റും, ഡീസലിന് 5 സെന്റും ഈ മാസം കുറഞ്ഞതായാണ് വ്യക്തമായിരിക്കുന്നത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന്റെ ശരാശരി വില 1.79 യൂറോയും ഡീസലിന്റേത് 1.71 യൂറോയും ആയി.
ക്രൂഡ് ഓയിലിന് ആഗോളമായി വില കുറഞ്ഞതാണ് രാജ്യത്തെ പമ്പുകളിലും പ്രതിഫലിക്കുന്നത്. ക്രൂഡ് ഓയില്‍ ബാരലിന് 83 ഡോളറായാണ് വില താഴ്ന്നത്.
എക്‌സൈസ് ഡ്യൂട്ടി പുനഃസ്ഥാപിച്ചത് കാരണം ഈയിടെ അയര്‍ലണ്ടില്‍ ഇന്ധനവില ഉയര്‍ന്നിരുന്നു. പക്ഷേ അതിന് പിന്നാലെ ക്രൂഡ് ഓയില്‍ വില കുറഞ്ഞത് സാധാരണക്കാര്‍ക്ക് ആശ്വാസം പകര്‍ന്നിരിക്കുകയാണ്. അതേസമയം എക്‌സൈസ് ഡ്യൂട്ടി പുനഃസ്ഥാപനത്തിന്റെ രണ്ടാം ഘട്ടം ഓഗസ്റ്റ് 1 മുതല്‍ നിലവില്‍ വരുന്നതോടെ വില വീണ്ടുമുയരും. ഒക്ടോബറിലെ കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധനയും ഇന്ധനവില ഇനിയുമുയരാന്‍ കാരണമാകും.