1981-ല്‍ ഡബ്ലിനിലെ സ്റ്റാര്‍ഡസ്റ്റ് തീപിടിത്തത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സര്‍ക്കാരിന്റെ ആദരം. ഞായറാഴ്ച ഡബ്ലിന്‍ സിറ്റി സെന്ററിലെ ഗാര്‍ഡന്‍ ഓഫ് റിംബ്രന്‍സില്‍ വച്ചാണ് തീപിടിത്തത്തിന് ഇരയാവരോട് സര്‍ക്കാര്‍ ഔദ്യോഗികമായി മാപ്പപേക്ഷിക്കുകയും, ആദരിക്കുകയും ചെയ്യുന്ന ചടങ്ങ് നടന്നത്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍, സുഹൃത്തുകള്‍, ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍, അന്നുണ്ടായിരുന്ന രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിനെ നയിച്ചത് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ആണ്. പ്രധാനമന്ത്രി സൈമണ്‍ ഹാരിസും ചടങ്ങില്‍ സംബന്ധിച്ചു.
1981 ഫെബ്രുവരി 14-ന് പുലര്‍ച്ച Artane-ലെ സ്റ്റാര്‍ഡസ്റ്റ് നൈറ്റ് ക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ 48 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൃത്യമായ സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാതിരുന്നതും, തീപിടിത്തം പോലുള്ളവ ഉണ്ടായാല്‍ രക്ഷപ്പെടാനായുള്ള വാതിലുകള്‍ പുറമെ നിന്നും അടച്ച നിലയിലായിരുന്നതും ദുരന്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു.
തുടര്‍ന്ന് ദുരന്തം സംഭവിക്കാനിടയായത് എങ്ങനെയെന്ന് അന്വേഷിക്കാനും, ഇരകള്‍ക്ക് നീതിലഭിക്കാനും മരിച്ചവരുടെ ബന്ധുക്കളടക്കമുള്ളവര്‍ ഇറങ്ങിത്തിരിക്കുകയും, നാല്‍പ്പത് വര്‍ഷത്തിലേറെ നീണ്ട അന്വേഷണങ്ങള്‍ക്കും, വിചാരണയ്ക്കുമൊടുവില്‍ നിയമവിരുദ്ധമായ കാരണങ്ങളാലാണ് അപകടം ഉണ്ടായതെന്ന് കോടതി കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നാലെ സര്‍ക്കാര്‍ ഇരകളോടും, കുടുംബങ്ങളോടും മാപ്പപേക്ഷിക്കുകയും, പ്രധാനമന്ത്രി ഹാരിസ് Dail-ല്‍ മാപ്പ് പറയുകയും ചെയ്തിരുന്നു. പിന്നീട് പ്രത്യേക ചടങ്ങില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി മാപ്പപേക്ഷിക്കുമെന്നും വാക്ക് നല്‍കിയിരുന്നു.

ഇരകള്‍ക്ക് വേണ്ടി അവരുടെ കുടുംബങ്ങളും മറ്റും നടത്തിയ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിന് ശേഷമാണ് അവരെ സര്‍ക്കാര്‍ ഔദ്യോഗികമായി അനുസ്മരിക്കുന്ന ചടങ്ങ് നടക്കാനിടയായതും, ഇതൊരു ദേശീയ ദുരന്തമായി അംഗീകരിക്കുന്നതിലേയ്ക്ക് നയിച്ചതും എന്ന് ചടങ്ങില്‍ പ്രധാനമന്ത്രി ഹാരിസ് പറഞ്ഞു. വരും തലമുറകളും ഈ ദുരന്തം ഓര്‍ത്തിരിക്കുമെന്ന് ഉറപ്പ് വരുത്താന്‍ അവര്‍ക്ക് [പോരാടിയവര്‍ക്ക്] സാധിച്ചു. ജീവന്‍ നഷ്ടമായവരുടെ പേരുകള്‍ ചരിത്രത്തില്‍ എഴുതപ്പെട്ടുവെന്ന് ഉറപ്പ് വരുത്താന്‍ അവര്‍ക്കായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Artane Band-ന്റെ ദേശീയഗാനാലാപനത്തോടെ ഒരു മണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങ് അവസാനിച്ചു.
സ്റ്റാര്‍ഡസ്റ്റിലെ ബാറിലുണ്ടായിരുന്ന ഹോട്ട് പ്രസ്സില്‍ സംഭവിച്ച ഒരു ഇലക്ട്രിക്കല്‍ പ്രശ്‌നമാണ് തീപിടിത്തത്തിന് കാരണമായതെന്ന് ജൂറി കണ്ടെത്തിയിരുന്നു. പുലര്‍ച്ചെ 1.20-ഓടെയായിരുന്നു തീപിടിത്തം നടന്നത്.
സീറ്റ് കവര്‍, ചുവരിലെ കാര്‍പ്പറ്റ് ടൈല്‍സ്, മേല്‍ക്കൂരയുടെ ഉയരം എന്നിവയെല്ലാം തീ കൂടുതല്‍ ആളിപ്പടരാന്‍ കാരണമായി. തീ പടര്‍ന്നപ്പോള്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ എടുക്കാനും, ആളുകളെ രക്ഷപ്പെടുത്താനും ജീവനക്കാര്‍ക്ക് സാധിച്ചില്ല. തീപിടിത്തം ഉണ്ടായ സമയത്ത് ക്ലബ്ബിലെ പല എമര്‍ജന്‍സി വാതിലുകളും പൂട്ടിയിട്ടിരിക്കുകയുമായിരുന്നു. പലതും ചങ്ങല ഉപയോഗിച്ച് ബന്ധിപ്പിച്ച നിലയിലായിരുന്നു. ഇത് ദുരന്ത തീവ്രത വര്‍ദ്ധിപ്പിച്ചു.
2023 ഏപ്രിലില്‍ ആരംഭിച്ച കേസ് വിചാരണ അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതാണ്. 122 ദിവസമാണ് ഇന്‍ക്വസ്റ്റ് നടന്നത്. 373 സാക്ഷികളില്‍ നിന്നായി 95 ദിവസം കൊണ്ട് തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. സംഭവത്തിന്റെ 43-ആം വര്‍ഷികം കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് വിധി പുറത്തുവരുന്നത്. ഇക്കാലമത്രയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ നീതിക്കായി കാംപെയിനിങ് നടത്തിവരികയായിരുന്നു.
1981-ല്‍ ആദ്യം കേസ് കോടതിയില്‍ എത്തിയിരുന്നെങ്കിലും തീപിടിത്തത്തിന്റെ കാരണം അടക്കമുള്ള മറ്റ് വിവരങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.