ഇന്ത്യയിലെ ക്രിമിനല്‍ നിയമസംവിധാനത്തിന് നാളെ (ജൂലൈ 1) മുതല്‍ പൊളിച്ചെഴുത്ത്. നിലവിലെ ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി), ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്ക് പകരമായി നാളെ മുതല്‍ യഥാക്രമം ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്), ഭാരതീയ സാക്ഷ്യ അധിനിയം (ബിഎസ്എ) എന്നിവ നിലവില്‍ വരും. ഇതോടെ 164 വര്‍ഷത്തെ നിയമങ്ങള്‍ ചരിത്രമാകും.
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പുതിയ നിമയങ്ങളനുസരിച്ചാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും അന്വേഷിക്കേണ്ടതും. നിലവില്‍ അന്വേഷണം നടക്കുന്ന കേസുകളിലും, നേരത്തെ ഉള്ള കേസുകളിലുമെല്ലാം പഴയ നിയമപ്രകാരം തന്നെയാകും തുടര്‍നടപടികള്‍.
വിവാഹ വാഗ്ദാനം നല്‍കിയോ, വഞ്ചിച്ചോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക അടക്കമുള്ളവയ്ക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ പുതിയ നിയമത്തിലുണ്ടെന്നത് പ്രത്യേകതയാണ്. സ്ത്രീകള്‍ക്ക് പുറമെ കുട്ടികള്‍ക്കും കൂടുതല്‍ സംരക്ഷണം നല്‍കുന്നവയാണ് നിയമങ്ങള്‍. കൂടാതെ രാജ്യദ്രോഹക്കുറ്റം കൂടുതല്‍ ഗൗരവകരമായ തെറ്റാകും. ആള്‍ക്കൂട്ട കൊലപാതകവും കടുത്ത ശിക്ഷ ലഭിക്കാന്‍ കാരണമാകും.
സീറോ എഫ്‌ഐആര്‍, പൊലീസ് പരാതികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യല്‍, ഇലക്ട്രോണിക് സമന്‍സ്, ഗുരുതരകുറ്റകൃത്യങ്ങളുടെ വീഡിയോ ചിക്രീകരണം എന്നിവയും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുൻ എൻഡിഎ സർക്കാരാണ് നിയമപരിഷ്കരണങ്ങൾ പാസാക്കിയത്.