അമേരിക്കന്‍ പോപ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ഡബ്ലിനിലെ ഷോ അവസാനിച്ചു. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ നടത്തിയ മൂന്ന് സംഗീതനിശകളില്‍ റെക്കോര്‍ഡ് എണ്ണമായ 150,000 ടിക്കറ്റുകളാണ് വിറ്റുപോയത്. ഡബ്ലിനിലെ അവൈവ സ്‌റ്റേഡിയത്തിലായിരുന്നു ടെയ്‌ലറിന്റെ ‘ഇറാസ് ടൂറി’ന്റെ ഭാഗമായുള്ള പരിപാടി.
ഇറാസ് ടൂറില്‍ തുടര്‍ച്ചയായ മൂന്ന് രാത്രികളിലും മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകുന്നത് ഇതാദ്യമാണെന്നും, അതില്‍ ഐറിഷ് ആരാധകരോട് സന്തോഷവും, ആദരവും പ്രകടിപ്പിക്കുന്നതായും ടെയ്‌ലര്‍ പറഞ്ഞു.

സ്റ്റേഡിയത്തിലെ വിഐപികളില്‍ അമേരിക്കന്‍ ഗായിക സ്റ്റീവി നിക്ക്‌സ്, ഹോളിവുഡ് താരം ജൂലിയ റോബര്‍ട്ട്‌സ്, ടെയ്‌ലറിന്റെ ബോയ്ഫ്രണ്ടും, കാന്‍സാസ് സിറ്റി ചീഫ്‌സ് താരമായ ട്രാവിസ് കെല്‍സ് എന്നിവരും ഉണ്ടായിരുന്നു. മൂന്ന് ദിവസത്തെ പരിപാടിയില്‍ ഐറിഷ് സെലിബ്രിറ്റികളായ റയാന്‍ ടബ്രിഡി, ഗ്രഹാം നോര്‍ട്ടന്‍, ബ്രയാന്‍ ഒ’ഡ്രിസ്‌കോള്‍, ഏമി ഹ്യൂബെര്‍മാന്‍, ജോണി സെക്‌സ്റ്റണ്‍ എന്നിവരും ആസ്വാദകരായെത്തിയിരുന്നു. അതേസമയം 34-കാരിയായ പോപ് താരത്തിന്റെ പരിപാടിക്ക് ടിക്കറ്റ് ലഭിക്കാതിരുന്നവര്‍ സ്റ്റേഡിയത്തിന് പുറത്തിരുന്നും സംഗീതമാസ്വദിച്ചു.
ഇറാസ് ടൂറിന്റെ ഭാഗമായുള്ള ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ അടുത്ത സംഗീതപരിപാടി ആംസ്റ്റര്‍ഡാമിലാണ്. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെയുള്ള മൂന്ന് ദിനങ്ങളിലാണ് പരിപാടി നടക്കുക.