അമേരിക്കന്‍ പോപ് താരം ടെയ്‌ലര്‍ സ്വിഫ്റ്റ് ഡബ്ലിനില്‍ അവതരിപ്പിച്ച സംഗീതപരിപാടിയെത്തുടര്‍ന്ന് വെക്‌സ്‌ഫോര്‍ഡ് വരെയുള്ള ദൂരത്തില്‍ ഭൂകമ്പത്തിന് സമാനമായ തരംഗങ്ങള്‍ അനുഭവപ്പെട്ടതായി പഠനം. Dublin Institute for Advanced Studies (DIAS) ആണ് ടെയ്‌ലര്‍ ഡബ്ലിനിലെ അവൈവ സ്റ്റേഡിയത്തില്‍ നടത്തിയ മൂന്ന് രാത്രികളിലെ പരിപാടികള്‍ പ്രദേശത്തിന് ചുറ്റുമായി ഏറെ ദൂരത്തില്‍ പ്രകമ്പനം സൃഷ്ടിച്ചതായി വെളിപ്പെടുത്തിയത്.
50,000 കാണികള്‍ ഒത്തുകൂടിയ വെള്ളിയാഴ്ച രാത്രിയാണ് ഏറ്റവുമധികം ശബ്ദംമുയര്‍ന്നത്. അതില്‍ തന്നെ ടെയ്‌ലര്‍ തന്റെ പ്രശസ്തമായ ‘ലവ് സ്റ്റോറി’ പാടിയപ്പോള്‍ ആരാധകര്‍ നൃത്തലഹരിയിലെത്തുക കൂടി ചെയ്തതോടെ ശബ്ദവും, തരംഗവും ഉച്ചസ്ഥായിയിലെത്തി. അവൈവ സ്‌റ്റേഡിയത്തില്‍ നിന്നും 14 കി.മീ അകലെ സ്ഥാപിച്ചിരിക്കുന്ന Irish National Seismic Network (INSN) സീസ്‌മോ മീറ്ററില്‍ തരംഗങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 100 കി.മീ അകലെയുള്ള വെക്‌സ്‌ഫോര്‍ഡിലും സീസ്‌മോ മീറ്റര്‍ തരംഗങ്ങള്‍ രേഖപ്പെടുത്തി. 2.66 Hz ഫ്രീക്വന്‍സിയാണ് ഇവിടെ രേഖപ്പെടുത്തിയത്.
ഭൂകമ്പത്തിന്റെ തീവ്രത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് സീസ്‌മോ മീറ്റര്‍.
ടെയ്‌ലര്‍ അമേരിക്കയില്‍ അവതരിപ്പിച്ച സംഗീതപരിപാടികളിലും ഭൂകമ്പത്തിന് സമാനമായ ചലനങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ആളുകളുടെ ആരവം, സംഗീതോപകരണങ്ങളുടെ ശബ്ദം, നൃത്തം ചെയ്യുമ്പോള്‍ ഭൂമിയിലുണ്ടാകുന്ന പ്രകമ്പനം എന്നിവ ചേര്‍ന്നാണ് ഇതുണ്ടാകുന്നത്.