ഒക്ടോബര്‍ മാസത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ രാജ്യത്തെ ജീവിതച്ചെലവ് ലഘൂകരിക്കാനുള്ള പ്രത്യേക പാക്കേജുകളുണ്ടാകുമെന്ന് ഉറപ്പ് നല്‍കി പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. ജനങ്ങള്‍ ഇപ്പോഴും സാമ്പത്തിക ദുരിതമനുഭവിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും, അതിന് പരിഹാരമാകുന്ന പാക്കേജുകള്‍ ബജറ്റിലുണ്ടാകുക എന്നത് പ്രധാനപ്പെട്ടതാണെന്നും സര്‍ക്കാര്‍ കെട്ടിടത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഹാരിസ് വ്യക്തമാക്കി.
രാജ്യത്തെ പണപ്പെരുപ്പം കുറയുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെങ്കിലും, അതിന്‌റെ ഫലം ജനങ്ങള്‍ക്ക് ലഭിച്ചുതുടങ്ങിയിട്ടില്ല എന്നത് സത്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഒക്ടോബര്‍ ആദ്യമാണ് രാജ്യത്തെ ബജറ്റ് അവതരണം. ഹാരിസിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇതെന്നതും ഒക്ടോബര്‍ ബജറ്റിന്റെ പ്രത്യേകതയാണ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ധനകാര്യമന്ത്രി ജാക്ക് ചേംബേഴ്‌സ് ആണ് ബജറ്റ് അവതരിപ്പിക്കുക.