അയർലണ്ടിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ജനസംഖ്യ 98,700 വർദ്ധിച്ചതായി Central Statistics Office (CSO). 2008-ന് ശേഷം ഒരു വർഷം ഉണ്ടാകുന്ന ഏറ്റവും ഉയർന്ന ജനസംഖ്യാ വർദ്ധന ആണിത്.
149,200 കുടിയേറ്റക്കാരാണ് 2024 ഏപ്രിൽ വരെയുള്ള 12 മാസത്തിനിടെ അയർലണ്ടിൽ എത്തിയത്. 17 വർഷത്തിനിടെ ഉള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതിൽ 30,000 പേർ രാജ്യത്തേയ്ക്ക് മടങ്ങിയെത്തിയ ഐറിഷ് പൗരന്മാരാണ്. 27,000 പേർ മറ്റ് ഇയു പൗരന്മാരും, 5,400 പേർ യുകെ പൗരന്മാനും ആണ്. ബാക്കി 86,800 പേർ ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും അയർലണ്ടിലേയ്ക്ക് കുടിയേറിയവരാണ്.
കുടിയേറ്റം വർദ്ധിക്കുമ്പോൾ തന്നെ അയർലണ്ടിൽ നിന്നും വിദേശത്തേയ്ക്ക് പോകുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. 2024 ഏപ്രിൽ വരെയുള്ള 12 മാസത്തിനിടെ 69,000 പേരാണ് രാജ്യം വിട്ട് കുടിയേറ്റം നടത്തിയിട്ടുള്ളത്. 2023 ഏപ്രിൽ വരെയുള്ള 12 മാസത്തിനിടെ ഇത് 64,000 ആയിരുന്നു. 2015-ന് ശേഷം ആദ്യമായാണ് ഇത്രയധികം പേർ രാജ്യം വിട്ട് പോകുന്നത്.
ഈ കാലയളവിൽ രാജ്യത്ത് 54,200 ജനനങ്ങളും, 34,800 മരണങ്ങളും ഉണ്ടായി. അങ്ങനെ നോക്കുമ്പോൾ സ്വഭാവികമായി ഉള്ള ജനസംഖ്യാ വർദ്ധന 19,400 ആണ്. 1,534,900 ആണ് ഡബ്ലിനിലെ ജനസംഖ്യ. രാജ്യത്തെ ആകെ ജനസംഖ്യയുടെ 28.5% ആണിത്.