അയര്‍ലണ്ടില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലേറുന്ന അടുത്ത സര്‍ക്കാരില്‍ ചെറിയ പാര്‍ട്ടികളെ സഖ്യകക്ഷിയാക്കില്ലെന്ന് ആശങ്കപ്പെടുന്നതായി ഗ്രീന്‍ പാര്‍ട്ടി നേതാവ് Roderic O’Gorman. 2020 തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരില്‍ Fine Gael, Fianna Fail, Green Party എന്നിവരാണ് സഖ്യകക്ഷികള്‍.
എന്നാല്‍ ഏറ്റവും പുതിയ അഭിപ്രായ സര്‍വേകള്‍ പ്രകാരം തെരഞ്ഞെടുപ്പില്‍ Fine Gael-നും Fianna Fail-നും മികച്ച നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നും, ഇരു പാര്‍ട്ടികള്‍ക്കും മാത്രമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ലഭിക്കുമെന്നുമാണ് കണക്കുകൂട്ടല്‍. നവംബര്‍ 29-നാണ് പൊതുതെരഞ്ഞെടുപ്പ് എന്നും വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിലാണ് നിലവിലെ സഖ്യകക്ഷിയായ ഗ്രീന്‍ പാര്‍ട്ടി നേതാവിന്റെ തുറന്നുപറച്ചില്‍.
ഏറ്റവും പുതിയ Business Post Red C Poll സര്‍വേ പ്രകാരം Fianna Fail-ന് 21%, Fine Gael-ന് 22% എന്നിങ്ങനെ ജനപിന്തുണയുണ്ട്. ഇത് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചാല്‍ കേവലഭൂരിപക്ഷത്തിന് അത് മതിയാകും. എന്നാല്‍ ഇത് സര്‍ക്കാരില്‍ തന്റെ പാര്‍ട്ടി വീണ്ടും സഖ്യകക്ഷിയാകാനുള്ള സാധ്യതയ്ക്ക് വിലങ്ങുതടിയാകുമെന്നാണ് O’Gorman-ന്റെ ആശങ്ക.
സുസ്ഥിരമായതും, അതേസമയം പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിക്കുന്നതുമായ സര്‍ക്കാരിനെയുമാണ് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ആദ്യ വോട്ട് ഗ്രീന്‍ പാര്‍ട്ടിക്ക് നല്‍കണമെന്നും O’Gorman പറഞ്ഞു. നിലവിലെ സര്‍ക്കാര്‍ അത്തരത്തിലുള്ള ഒന്നാണെന്നും, ഗ്രീന്‍ പാര്‍ട്ടിയുടെ പങ്കാളിത്തം കൊണ്ടാണ് അത് സാധ്യമായതെന്നും RTE പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗ്രീന്‍ പാര്‍ട്ടിയുടെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ കാര്‍ബണ്‍ പുറന്തള്ളലില്‍ 7% കുറവുണ്ടാക്കാന്‍ സാധിക്കുമായിരുന്നില്ല. ചൈല്‍ഡ് കെയര്‍ ഫീസില്‍ 50% കുറവ് വരുത്താന്‍ സാധിച്ചതും ഗ്രീന്‍ പാര്‍ട്ടി കാരണമാണ്. പൊതുഗതാഗതത്തിലെ ഫീസ് കുറച്ചത്, പുതിയ ബസ് സര്‍വീസുകള്‍ ആരംഭിച്ചത് എന്നിവയെല്ലാം ഗ്രീന്‍ പാര്‍ട്ടി കാരണമുണ്ടായ നേട്ടങ്ങളാണെന്നും O’Gorman പറഞ്ഞു.