അയര്‍ലണ്ടിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളായ Sinn Fein, Fine Gael, Fianna Fail എന്നിവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്തെല്ലാമെന്ന് നമ്മള്‍ നേരത്തെ വായിച്ചിരുന്നു. ഇതാ രാജ്യത്തെ ചെറിയ പാര്‍ട്ടികളായ സോഷ്യല്‍ ഡെമോക്രാറ്റ്‌സ്, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്- സോളിഡാരിറ്റി എന്നിവരുടെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
സോഷ്യല്‍ ഡെമോക്രാറ്റ്‌സ്
ഹൗസിങ്
രാജ്യത്തെ പ്രധാന പ്രശ്‌നങ്ങളിലൊന്നായ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അടുത്ത അഞ്ച് വര്‍ഷത്തിനിടെ 50,000 അഫോര്‍ഡബിള്‍ ഹോംസ്, 25,000 അഫോര്‍ഡബിള്‍ റെന്റല്‍ ഹോംസ്, 70,000 സോഷ്യല്‍ ഹോംസ് എന്നിവ വാങ്ങുമെന്നാണ് പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. റെന്റ് പ്രഷര്‍ സോണുകള്‍ക്ക് പകരമായി റെന്റ് റഫറന്‍സ് സംവിധാനം നടപ്പിലാക്കുമെന്നും പാര്‍ട്ടി പറയുന്നു. വീടുകള്‍ നിര്‍മ്മിക്കാന്‍ Compulsory Purchase Orders വഴി സ്ഥലം ഏറ്റെടുക്കും, അകാരണമായുള്ള കുടിയൊഴിപ്പിക്കല്‍ നിര്‍ത്തലാക്കും, മൂന്ന് വര്‍ഷത്തേയ്ക്ക് റെന്റ് ഫ്രീസ് എന്നിവയാണ് ഹൗസിങ്ങുമായി ബന്ധപ്പെട്ട മറ്റ് പ്രധാന വാഗ്ദാനങ്ങള്‍.
ആരോഗ്യം
ആരോഗ്യരംഗത്തും ഒട്ടനേകം മാറ്റങ്ങള്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നുണ്ട്. ഭിന്നശേഷി വിഷയം കൈകാര്യം ചെയ്യാനായി പ്രത്യേകം സീനിയര്‍ മിനിസ്റ്ററെ നിയമിക്കുമെന്നതാണ് അതിലൊന്ന്. ഭിന്നശേഷിക്കാര്‍ക്കുള്ള സേവനങ്ങള്‍ക്കായി 1.1 ബില്യണ്‍ യൂറോ ഒരോ വര്‍ഷവും അധികമായി വകയിരുത്തും. ഡിസബിലിറ്റി പേയ്‌മെന്റായി ആഴ്ചയില്‍ 30 യൂറോ വീതം നല്‍കും, കെയറര്‍മാര്‍ക്കുള്ള മീന്‍സ് ടെസ്റ്റ് നിര്‍ത്തലാക്കും, ആകെയുള്ള ആരോഗ്യ ബജറ്റിന്റെ 10% മാനസികാരോഗ്യത്തിനായി നീക്കിവയ്ക്കും എന്നിവയാണ് ആരോഗ്യരംഗത്തെ മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍.
ചൈല്‍ഡ് കെയര്‍
രാജ്യത്ത് ചൈല്‍ഡ് കെയര്‍ ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ എല്ലാ പാര്‍ട്ടികളെയും പോലെ സോഷ്യല്‍ ഡെമോക്രാറ്റ്‌സും പ്രകടനപത്രികയില്‍ അതിനായി പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. പെയ്ഡ് പാരന്റല്‍ ലീവ് ഒരു വര്‍ഷത്തേയ്ക്ക് നീട്ടുക, പേയ്‌മെന്റ് ആഴ്ചയില്‍ 350 യൂറോ ആക്കി വര്‍ദ്ധിപ്പിക്കുക, പബ്ലിക് ചൈല്‍ഡ് കെയര്‍ സ്‌കീം അവതരിപ്പിക്കുക, ചൈല്‍ഡ് കെയര്‍ കോസ്റ്റ് മാസം പരമാവധി 250 യൂറോ ആക്കി നിജപ്പെടുത്തുക, 6-18 പ്രായക്കാരായ എല്ലാ കുട്ടികള്‍ക്കും 150 യൂറോ വീതം സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍ ആക്ടിവിറ്റി വൗച്ചറുകളായി നല്‍കുക എന്നിവയാണ് ചൈല്‍ഡ് കെയറുമായി ബന്ധപ്പെട്ട പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍.
പരിസ്ഥിതി
പരിസ്ഥിതി മലിനീകരണവും, മനുഷ്യന്റെ പരിസ്ഥിതിയിലുള്ള ഇടപെടലുമാണ് ഈയിടെ ഉണ്ടായ പല പരിസ്ഥിതി ദുരന്തങ്ങള്‍ക്കും കാരണമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരിസ്ഥിതിക്ക് കൂടുതല്‍ പ്രധാന്യം നല്‍കേണ്ടതുണ്ടെന്ന് സോഷ്യല്‍ ഡെമോക്രാറ്റ്‌സിന്റെ പ്രകടനപത്രിക ഊന്നിപ്പറയുന്നു.
ക്ലൈമറ്റ് ആക്ഷന്‍ പ്ലാന്‍ പരിഷ്‌കരിക്കുക, ഇലക്ട്രിക് വെഹിക്കിളുകള്‍ക്ക് നല്‍കിവന്ന 5,000 യൂറോ ഗ്രാന്റ് പുനഃസ്ഥാപിക്കുക, പരിസ്ഥിക്ക് ദോഷമാകുന്ന തരത്തില്‍ കര്‍ഷകര്‍ക്ക് നല്‍കിവരുന്ന സബ്‌സ്ഡികള്‍ എടുത്തുകളയുക, രാജ്യത്തുടനീളം വൈല്‍ഡ് ലൈഫ് കോറിഡോറുകള്‍ വികസിപ്പിക്കുക, റിപ്പയര്‍ ഷോപ്പുകള്‍, സെക്കന്‍ഡ് ഹാന്‍ഡ് വില്‍പ്പന എന്നിവയെ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക നടപടികള്‍ കൗക്കൊള്ളുക എന്നിവയാണ് അവ.
സമ്പദ് വ്യവസ്ഥ
ടാക്‌സ് ഇളവുകള്‍ നല്‍കുന്നതിന് പകരം പൊതുസേവനരംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് പാര്‍ട്ടി പറയുന്നു. ഒറ്റത്തവണ സഹായങ്ങള്‍ എന്ന ‘കണ്ണില്‍പ്പൊടി ഇടലിന്’ പകരം ദീര്‍ഘവീക്ഷണമുള്ള നിക്ഷേപങ്ങളാണ് നടത്തേണ്ടതെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു.
തൊഴില്‍ദാതാക്കളുടെ PRSI നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
1 മില്യണ്‍ യൂറോയ്ക്ക് മുകളിലുള്ള സ്വത്തുക്കളുടെ വെല്‍ത്ത് ടാക്‌സ് ലെവി 0.5% ആക്കും. ഇതില്‍ ഫാമിലി ഹോം, ബിസിനസ് സ്വത്ത്, കൃഷിസ്ഥലം എന്നിവ പെടില്ല. 2 മില്യണ് പുറത്താണെങ്കില്‍ ലെവി 1% ആക്കി വര്‍ദ്ധിപ്പിക്കും.
പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്- സോളിഡാരിറ്റി (PBP-S)
ഹൗസിങ്
ആപ്പിള്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന 14 ബില്യണ്‍ യൂറോയുടെ ടാക്‌സ് വരുമാനം രാജ്യത്ത് പ്രത്യേകമായ ഒരു സര്‍ക്കാര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി തുടങ്ങാന്‍ ഉപയോഗിക്കുമെന്നാണ് PBP-S-ന്റെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. വര്‍ഷം തോറും 30,000 സോഷ്യല്‍ ഹോമുകളും, 5,000 അഫോര്‍ഡബിള്‍ ഹോമുകളും നിര്‍മ്മിക്കാന്‍ ഇതുവഴി സാധിക്കുമെന്നും മുന്നണി പറയുന്നു.
പബ്ലിക് ഹൗസിങ്ങിനുള്ള ഇന്‍കം ലിമിറ്റ് എടുത്തുകളയുക, ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ ഭവനരഹിതരായ അയര്‍ലണ്ടുകാരെയും, അഭയാര്‍ത്ഥികളെയും താമസിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുക, റെന്റ് ടാക്‌സ് ക്രെഡിറ്റ് വര്‍ഷം 3,000 യൂറോ ആക്കി ഉയര്‍ത്തുക, പ്രൈവറ്റ് റെന്റല്‍ മേഖലയിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി NCT-ക്ക് സമാനമായ സംവിധാനം വികസിപ്പിക്കുക എന്നിവയും വാഗ്ദാനങ്ങളാണ്.
റെന്റ് ഫ്രീസ് കൊണ്ടുവരിക, കോവിഡ് കാലത്ത് ഉണ്ടായിരുന്നതിന് സമാനമായി കുടിയൊഴിപ്പിക്കല്‍ നിരോധിക്കുക എന്നിവയും മുന്നണി നിര്‍ദ്ദേശിക്കുന്നു.
കേടുപാടുകള്‍ വന്ന വീടുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും കേടുപാട് തീര്‍ക്കാനായി 100% സര്‍ക്കാര്‍ ധനസഹായം, മോര്‍ട്ട്‌ഗേജ് പലിശനിരക്ക് പരമാവധി 3% ആക്കി നിജപ്പെടുത്തുക, റെന്റ് പദ്ധതിക്ക് കൂടി മോര്‍ട്ട്‌ഗേജ് ലഭ്യമാക്കുക, Household Property Tax എടുത്തുകളഞ്ഞ് Non-Principal Private Residence Tax ആക്കി മാറ്റുക എന്നിവയാണ് മറ്റ് വാഗ്ദാനങ്ങള്‍.
വള്‍ച്ചര്‍ ഫണ്ടുകള്‍, Airbnb മുതലായ ഹ്രസ്വകാല താമസ സൗകര്യം നല്‍കുന്നവര്‍ എന്നിവരെ നിരോധിക്കുക എന്ന കര്‍ശനമായ തീരുമാനവും പ്രകടനപത്രികയുടെ ഭാഗമായി മുന്നണി അവതരിപ്പിച്ചിരിക്കുന്നു.
ജീവിതച്ചെലവ്, ടാക്‌സ്
- ഭക്ഷ്യവസ്തുക്കള്‍ക്ക് പരമാവധി വില നിശ്ചയിക്കും.
- ESB-യെ പഴയ പോലെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയാക്കി മാറ്റി ഇലക്ട്രിസിറ്റി ബില്ലുകള്‍ ഇല്ലാതാക്കും.
- വര്‍ഷം 100,000 യൂറോയില്‍ കുറവ് സമ്പാദിക്കുന്ന ജോലിക്കാരുടെ Universal Social Charge എടുത്തുകളയും.
- കുറഞ്ഞ ശമ്പളം മണിക്കൂറിന് 15 യൂറോ ആക്കി ഉയര്‍ത്തും. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് റീഫണ്ടബിള്‍ ടാക്‌സ് ക്രെഡിറ്റ് നല്‍കും.
- പെന്‍ഷന്‍ നിരക്ക് ആഴ്ചയില്‍ 300 യൂറോ ആയി വര്‍ദ്ധിപ്പിക്കും.
- പെന്‍ഷന്‍കാര്‍, വര്‍ക്കിങ് ഫാമിലി പേയ്‌മെന്റ് ലഭിക്കുന്നവര്‍, കെയറേഴ്‌സ് അലവന്‍സ് ലഭിക്കുന്നവര്‍ എന്നിവര്‍ക്ക് ഫ്യുവല്‍ അലവന്‍സ് നല്‍കും.
- വലിയ വരുമാനം ഉള്ളവര്‍ക്ക് പുതുതായി നാല് ടാക്‌സ് ബാന്‍ഡുകള്‍ കൂടി അവതരിപ്പിക്കും. അതുവഴി 4 ബില്യണ്‍ യൂറോ അടുത്ത വര്‍ഷം സമാഹരിക്കും.
- തൊഴില്‍ദാതാക്കളുടെ PRSI നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് അടുത്ത വര്‍ഷം 3 ബില്യണ്‍ യൂറോ സമാഹരിക്കും.
- വലിയ കോര്‍പ്പറേറ്റ് കമ്പനികളുടെ കോര്‍പ്പറേഷന്‍ ടാക്‌സ് 20% ആക്കി വര്‍ദ്ധിപ്പിക്കും. ടാക്‌സിലെ പിഴലുകള്‍ പരിഹരിക്കും. അതുവഴി അടുത്ത വര്‍ഷം 20 ബില്യണ്‍ യൂറോ സമാഹരിക്കും.
തൊഴിലാളികളുടെ അവകാശങ്ങള്‍
- ശമ്പളം നഷ്ടപ്പെടാതെ ആഴ്ചയില്‍ നാല് ദിവസം മാത്രം ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കും.
- തൊഴിലാളികള്‍ക്കുള്ള അവധികളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. പുതുതായി രണ്ട് ബാങ്ക് ഹോളിഡേകള്‍ കൂടി അവതരിപ്പിക്കും.
- എല്ലാ ജോലികള്‍ക്കും നിര്‍ബന്ധിത പെന്‍ഷന്‍ പദ്ധതി, സ്റ്റേറ്റ് പെന്‍ഷനുകള്‍ 65 വയസ് മുതല്‍ നല്‍കും.
- നിര്‍ബന്ധിത മറ്റേണിറ്റി, പറ്റേണിറ്റി ലീവുകള്‍
- കുടിയേറ്റക്കാരായ തൊഴിലാളികള്‍ക്ക് പൂര്‍ണ്ണമായ തൊഴിലവകാശങ്ങള്‍. രേഖകളിലാത്ത ജോലിക്കാരും ഇതില്‍ പെടും.
- അമിതമായി താല്‍ക്കാലിക ജോലിക്കാരെ വയ്ക്കുന്ന കമ്പനികള്‍ക്ക് പിഴ
വിദ്യാഭ്യാസം
- പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളിലെ എല്ലാ ചാര്‍ജ്ജുകളും എടുത്തുകളയും
- സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ പാഠപുസ്തകങ്ങള്‍, യൂണിഫോമുകള്‍, മീല്‍സ് എന്നിവ നല്‍കും.
- സ്‌കൂളുകളിലെ വൊളന്ററി കോണ്‍ട്രിബ്യൂഷന്‍ ഈടാക്കല്‍ നിര്‍ത്തലാക്കും.
- പ്രൈമറി സ്‌കൂളുകള്‍ക്കുള്ള ക്യാപിറ്റേഷന്‍ ഗ്രാന്റ് ഇരട്ടിയാക്കും.
- വിദ്യാര്‍ത്ഥി-അദ്ധ്യാപക അനുപാതം 15:1 ആക്കും.
- സ്‌പെഷ്യല്‍ നീഡ്‌സ് അസിസ്റ്റന്റുമാരുടെ എണ്ണം 2,000 ആക്കിയും, സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ ടീച്ചര്‍മാരുടെ എണ്ണം 1,000 ആക്കിയും വര്‍ദ്ധിപ്പിക്കും.
- എല്ലാ സ്‌കൂളിലും ഓട്ടിസം ക്ലാസ് ഉറപ്പാക്കും.
- DEIS സ്‌കൂളുകള്‍ക്ക് ഇരട്ടി ഫണ്ടിങ്
- പ്രൈവറ്റ് സ്‌കൂളുകള്‍ക്കുള്ള സബ്‌സിഡികള്‍ നിര്‍ത്തലാക്കും.
- സ്‌കൂളുകളെ സഭകള്‍ നിയന്ത്രിക്കുന്ന നിര്‍ത്തലാക്കും.
- എല്ലാ കോളജ്, യൂണിവേഴ്‌സിറ്റി ഫീസുകളും നിര്‍ത്തലാക്കും.
- ക്യാപസുകളില്‍ മാനസികാരോഗ്യത്തിന് പ്രാമുഖ്യം നല്‍കും. 1,000 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കൗണ്‍സിലര്‍ എന്ന പദ്ധതി നടപ്പിലാക്കും.
- 2029-ഓടെ 30,000 അധിക അഫോര്‍ഡബിള്‍ സ്റ്റുഡന്റ് ബെഡ്ഡുകള്‍ ലഭ്യമാക്കും.
ചൈല്‍ഡ് കെയര്‍
- പ്രൈവറ്റ് ചൈല്‍ഡ് ഫീസ് നിര്‍ത്തലാക്കും.
- ആവശ്യമായവര്‍ക്ക് സര്‍ക്കാരിന് കീഴില്‍ സൗജന്യ National Childcare Service സ്ഥാപിക്കും.
- കൂടുതല്‍ ചൈല്‍ഡ് കെയറുകള്‍ നിര്‍മ്മിക്കാനായി 1.5 ബില്യണ്‍ യൂറോ വകയിരുത്തും.
- എല്ലാ കുട്ടികള്‍ക്കും സൗജന്യം പ്രീ-സ്‌കൂള്‍ മീല്‍സ്
- കുട്ടി ജനിച്ച് ആദ്യ രണ്ട് വര്‍ഷത്തിനുള്ളില്‍ രക്ഷിതാക്കള്‍ക്ക് 12 മാസത്തെ പെയ്ഡ് ലീവ് ഉറപ്പാക്കും. ഇതിനായി പെയ്ഡ് പാരന്റല്‍ ലീവ് വര്‍ദ്ധിപ്പിക്കുകയും, അത് മറ്റേണിറ്റി, പറ്റേണിറ്റി ലീവുകളുമായി സംയോജിപ്പിക്കുകയും ചെയ്യും.
ആരോഗ്യം
- നിലവിലെ two-tier health system എടുത്തുമാറ്റി single tier system നടപ്പിലാക്കും.
- എല്ലാവര്‍ക്കും സൗജന്യ പ്രൈമറി കെയര്‍
- പ്രിസ്‌ക്രിപ്ഷന്‍ ഫീസ്, ആശുപത്രികളിലെ പാര്‍ക്കിങ് ഫീസ് എന്നിവ എടുത്തുകളയും
- അധികമായി 1,000 പെര്‍മനന്റ് അക്യൂട്ട് ബെഡ്ഡുകള്‍ ലഭ്യമാക്കും. അതിനനുസരിച്ച് ജീവനക്കാരുടെ എണ്ണവും വര്‍ദ്ധിപ്പിക്കും.
- HSE-യുടെ റിക്രൂട്ട്‌മെന്റ് ഫ്രീസിങ് അവസാനിപ്പിക്കും. Pay and numbers strategy-യും അവസാനിപ്പിക്കും.
- പ്രൈവറ്റ് ആശുപത്രികളെ പൊതു ആശുപത്രികളാക്കി മാറ്റും.
- സൗജന്യ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ വിതരണം സാര്‍വത്രികമാക്കും. എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ഹോര്‍മോണ്‍ തെറാപ്പി.
- ട്രാന്‍സ്‌ജെന്‍ഡറുകള്‍, നോണ്‍-ബൈനറി ആളുകള്‍ എന്നിവര്‍ക്ക് എല്ലാവിധ ആരോഗ്യസേവനങ്ങളും ലഭിക്കാന്‍ അവകാശം ഉറപ്പാക്കും.
- കുട്ടികളുടെ ആഗോഗ്യസേവനത്തിന് പ്രത്യേക ഫണ്ടിങ് മോഡല്‍ തയ്യാറാക്കും.
- നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് ശമ്പളം
അന്താരാഷ്ട്രം
- ഷാനണ്‍ എയര്‍പോര്‍ട്ട് യുഎസ് സൈന്യം ഉപയോഗിക്കുന്നത് നിര്‍ത്തലാക്കും.
- അയര്‍ലണ്ടിലെ PESCO-യില്‍ നിന്നും പിന്‍വലിക്കും.
- റഷ്യയുടെ ഉക്രെയിന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ സമാധാന ചര്‍ച്ചകള്‍ നടത്തും.
- അയര്‍ലണ്ടിലെ ഇസ്രായേല്‍ അംബാസഡറെ പുറത്താക്കും.
- ഐറിഷ് എയര്‍ സ്‌പേസ് വിദേശ എയര്‍ഫോഴ്‌സുകള്‍ ഉപയോഗിക്കുന്നത് തടയും.
- ഇസ്രായേലിനെ ബോയ്‌കോട്ട് ചെയ്യും.
യുവജനക്ഷേമം
- വിദ്യാര്‍ത്ഥികളുടെ താമസസൗകര്യത്തിനുള്ള വാടകയ്ക്ക് പരമാവധി തുക നിശ്ചയിക്കും.
- വിദ്യാര്‍ത്ഥി ഫീസുകള്‍ നിര്‍ത്തലാക്കും.
- ഫസ്റ്റ്, സെക്കന്‍ഡ് ഇയര്‍ അപ്രന്റിസുമാര്‍ക്കുള്ള low pay മാറ്റും.
- മയക്കുമരുന്നിന് എതിരായ പൊതുബോധവല്‍ക്കരണ കാംപെയ്‌നുകള്‍ക്കുള്ള ഫണ്ടിങ് വര്‍ദ്ധിപ്പിക്കും.
- അയര്‍ലണ്ടില്‍ മയക്കുമരുന്ന് ഉപയോഗം ക്രിമിനല്‍ കുറ്റമല്ലാതാക്കാന്‍ പരിശ്രമിക്കും.
പരിസ്ഥിതി, ഗതാഗതം
- കാര്‍ബണ്‍ ടാക്‌സ് നിര്‍ത്തലാക്കി, വലിയ തോതില്‍ മലിനീകരണമുണ്ടാക്കുന്നവര്‍ക്ക് പ്രത്യേക ടാക്‌സ് സംവിധാനം നടപ്പിലാക്കും.
- റെന്യൂവബിള്‍ എനര്‍ജിക്കായി 5 ബില്യണ്‍ യൂറോ വകയിരുത്തും.
- ഫോസില്‍ ഫ്യുവല്‍ ഖനനം നിര്‍ത്തലാക്കും.
- പുതിയ ഡാറ്റ സെന്ററുകള്‍ക്ക് അനുമതിയില്ല.
- National nature restoration plan തയ്യാറാക്കും.
- എല്ലാ പൊതുഗതാഗതസംവിധാനങ്ങളിലെയും യാത്ര സൗജന്യമാക്കും.
കുടിയേറ്റം
- കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍ എന്നിവര്‍ക്ക് എതിരായ എല്ലാ അക്രമങ്ങളും തടയും.
- നാടുകടത്തില്‍ നിര്‍ത്തലാക്കും.
- വംശീയതയെ എതിര്‍ക്കും.
- അഭയാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അവകാശം നല്‍കും.
- അയര്‍ലണ്ടില്‍ ഏറെക്കാലമായി താമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക് family re-unification അവകാശമാക്കും.
- അയര്‍ലണ്ടില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഐറിഷ് പൗരത്വം നല്‍കുന്ന തരത്തില്‍ നിയമമാറ്റം വരുത്താന്‍ അഭിപ്രായവോട്ടെടുപ്പ് നടത്തും.