പുതിയ അഭിപ്രായ സർവേയിൽ Fine Gael-ന് തിരിച്ചടി; ഏറ്റവും ജനപ്രീതി Fianna Fail-ന്, മുന്നേറി Sinn Fein-നും

പൊതുതെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളില്‍ Fine Gael-ന്റെ ജനസമ്മതിയില്‍ ഇടിവ്. അതേസമയം Fianna Fail, Sinn Fein എന്നീ പാര്‍ട്ടികളുടെ ജനപിന്തുണ വര്‍ദ്ധിച്ചതായും Irish Times/Ipsos B&A സര്‍വേ ഫലം വ്യക്തമാക്കുന്നു.

സര്‍വേ പ്രകാരം Fine Gael-ന്റെ നിലവിലെ ജനപിന്തുണ 19% ആയി കുറഞ്ഞു. നവംബര്‍ 14-ന് നടത്തിയ സര്‍വേയില്‍ ലഭിച്ചതിനെക്കാള്‍ 6 പോയിന്റാണ് ഇത്തവണ കുറഞ്ഞത്. മറുവശത്ത് Fianna Fail-ന് പിന്തുണ 2 പോയിന്റ് വര്‍ദ്ധിച്ച് 21% ആയി. രാജ്യത്ത് നിലവില്‍ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ പാര്‍ട്ടിയായും ഇതോടെ Fianna Fail മാറി. കഴിഞ്ഞ സര്‍ക്കാര്‍ കാലയളവില്‍ പ്രധാന പ്രതിപക്ഷമായിരുന്ന Sinn Fein തിരിച്ചുവരവ് നടത്തുന്നതായാണ് സര്‍വേ പറയുന്നത്. മുന്‍ സര്‍വെയെക്കാള്‍ ഒരു പോയിന്റ് വര്‍ദ്ധിപ്പിച്ച പാര്‍ട്ടിക്ക് നിലവില്‍ 20% ആണ് ജനപിന്തുണ.

സര്‍വേ പ്രകാരം മറ്റ് പാര്‍ട്ടികളുടെ ജനപിന്തുണ ഇപ്രകാരം:

ഗ്രീന്‍ പാര്‍ട്ടി- 4% (+1)
ലേബര്‍ പാര്‍ട്ടി- 4% (-1)
സോഷ്യല്‍ ഡെമോക്രാറ്റ്‌സ്- 6% (+2)
പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്- സോളിഡാരിറ്റി- 3% (+1)
Aontu- 3% (മാറ്റമില്ല)
സ്വതന്ത്രര്‍ (ഇന്‍ഡിപെന്‍ഡന്റ് അയര്‍ലണ്ട് പാര്‍ട്ടി അടക്കം)- 17% (-3%)

ഇതിന് പുറമെ Sunday Independent/Ireland Thinks നടത്തിയ സര്‍വേയിലും Fine Gael-ന് തിരിച്ചടി നേരിട്ടതായാണ് വ്യക്തമാകുന്നത്. 4 പോയിന്റ് കുറഞ്ഞ് 22% പേരുടെ പിന്തുണ പാര്‍ട്ടിക്കുണ്ടെന്നാണ് സര്‍വേ പറയുന്നത്. 2 പോയിന്റ് വര്‍ദ്ധിച്ച Sinn Fein-ന്റെ ജനപ്രീതി 20% ആയതായും, Fianna Fail-ന് മുന്‍ സര്‍വേ പോലെ തന്നെ 20% പേരുടെ പിന്തുണയുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.

ഈ സര്‍വേ പ്രകാരമുള്ള മറ്റ് പാര്‍ട്ടികളുടെ ജനപിന്തുണ ഇപ്രകാരം:

Aontu- 5% (+2)
സോഷ്യല്‍ ഡെമോക്രാറ്റ്‌സ്- 5% (-1)
ലേബര്‍ പാര്‍ട്ടി- 4% (മാറ്റമില്ല)
ഗ്രീന്‍ പാര്‍ട്ടി- 3% (-1)
പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്- സോളിഡാരിറ്റി- 2% (മാറ്റമില്ല)
സ്വതന്ത്രരും മറ്റുള്ളവരും- 19%

പ്രധാനമന്ത്രിയും Fine Gael നേതാവുമായ സൈമണ്‍ ഹാരിസ്, ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോര്‍ക്കില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭിന്നശേഷിക്കാര്‍ക്കുള്ള സര്‍വീസിന്റെ ഭാഗമായ ഒരു സ്ത്രീക്ക് സംസാരിക്കാന്‍ മതിയായ സമയം നല്‍കാഞ്ഞത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കെയറര്‍മാരെ പറ്റി സംസാരിച്ച സ്ത്രീക്ക് ആവശ്യത്തിന് സമയം നല്‍കിയില്ല എന്ന വിമര്‍ശനത്തെ തുടര്‍ന്ന് ഹാരിസ് മാപ്പ് പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ ജനപ്രീതിയില്‍ ഇടിവ് വന്നിരിക്കുന്നത്. രാജ്യത്ത് നവംബര്‍ 29-നാണ് വോട്ടെടുപ്പ്.

Share this news

Leave a Reply

%d bloggers like this: