അടുത്ത പത്ത് ദിവസത്തിനുള്ളിൽ ഫ്ലൂമൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഏകദേശം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി എച്ച്എസ്ഇയിലെ മുതിർന്ന വക്താവ് പറഞ്ഞു.
എച്ച്എസ്ഇ യുടെ കണക്ക് പ്രകാരം, വർഷാവസാന വാരത്തിൽ 800 മുതൽ 900 വരെ ഫ്ലൂ കേസുകൾ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെടാനാണ് സാധ്യത. കൂടാതെ, ജനുവരി മാസത്തിൽ ഇത് വളരെയധികം കൂടുമെന്നും അവർ പ്രവചിക്കുന്നു.
ഇപ്പോൾ 525-ലധികം ഫ്ലൂ രോഗികൾ ആശുപത്രിയിൽ ചികിത്സയിലാണ്, കൂടാതെ 155 പേർ ആർഎസ്‌വി (RSV) ബാധയുമായാണ് ചികിൽസയിൽ കഴിയുന്നത്, എച്ച്എസ്ഇയുടെ ക്ലിനിക്കൽ ഡയറക്ടർ Dr Colm Henry പറഞ്ഞു,
ഇത് ആരോഗ്യസംരക്ഷണ സംവിധാനത്തിൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മുൻ വർഷങ്ങളിലെ സാഹചര്യം വച്ച് നോക്കുമ്പോള്‍, ജനുവരി മാസത്തിൽ ആളുകൾ ജോലിയിൽ തിരിച്ചെത്തുകയും കുട്ടികൾ സ്കൂളിലേക്ക് മടങ്ങുകയും ചെയ്താൽ ഫ്ലൂ കേസുകൾ തുടർന്നും വർധിച്ച് ഉച്ചസ്ഥായിയിലെത്താൻ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡോ.ഹെൻറി ഫ്ലൂ വാക്സിൻ എടുക്കാൻ ഇതുവരെ വൈകിയിട്ടില്ലെന്ന് ആളുകളെ ഓർമിപ്പിച്ചു. വാക്സിൻ എടുത്ത് രണ്ടാഴ്ചയ്ക്കകം ഫലപ്രാപ്തിയുള്ളതാകും, കൂടാതെ ഇത് ഫ്ലൂ ബാധിതരാകുന്നവരുടെ എണ്ണം കുറയ്ക്കാനും സഹായിക്കും, അദ്ദേഹം പറഞ്ഞു.
ഈ വർഷം മുതല്‍ നവജാത ശിശുക്കൾക്കായുള്ള ആർഎസ്‌വി വാക്സിനേഷനും സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.