2024 ഡിസംബർ 24 മുതൽ 2025 ജനുവരി 1 വരെ ട്രെയിൻ സമയക്രമത്തിൽ മാറ്റം വരുത്തുന്നതായി ഐറിഷ് റെയിൽവേ അറിയിച്ചു. സമ്പൂർണ ട്രാക്ക് നവീകരണത്തിന്റെ ഭാഗമായാണ് ഈ മാറ്റം. പുതുവത്സര രാത്രിയിൽ യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ DART ട്രെയിനുകളും കമ്മ്യൂട്ടർ ട്രെയിനുകളും രാത്രി സമയങ്ങളിൽ പ്രവർത്തിപ്പിക്കും.
2024 ഡിസംബർ 26 മുതൽ 2025 ജനുവരി 5 വരെ കനോലി -പിയേഴ്സ് റൂട്ടിൽ ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾ നടക്കും. ഇതിന്റെ ഭാഗമായി കനോലി മുതൽ ഗ്രാൻഡ് കനാൽ ഡോക്ക് വരെ റൂട്ടിൽ ട്രെയിൻ സർവീസ് താത്കാലികമായി നിർത്തിവെക്കും. പുതുവത്സര രാത്രി പിയേഴ്സ് മുതൽ ഗ്രാൻഡ് കനാൽ ഡോക്ക് വരെ രാത്രി സർവീസുകൾ നടക്കും. ജനുവരി 2 വ്യാഴം, ജനുവരി 3 വെള്ളി ദിവസങ്ങളിൽ പകൽ സമയത്ത് മാത്രം സർവീസുകൾ ഉണ്ടായിരിക്കും.
യാത്രക്കാർ തിരക്കുകാലം കണക്കിലെടുത്ത് യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യാനും ട്രെയിൻ സമയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാനും ഐറിഷ് റെയിൽവേ അഭ്യർത്ഥിക്കുന്നു.
പൂർണ സമയക്രമ വിവരങ്ങൾ www.irishrail.ie എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഇന്റർസിറ്റി, Dart, കമ്മ്യൂട്ടർ സർവീസുകൾ എന്നിവയിൽ ഓരോ ദിവസവും സമയക്രമത്തിൽ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നതിനാൽ യാത്രയ്ക്കുമുമ്പ് സമയക്രമം പരിശോധിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.