ഭവന പ്രതിസന്ധി: പടിഞ്ഞാറൻ കൗണ്ടികളിൽ വീടുകളുടെ വില ഇരട്ടിയായി ഉയരുന്നു

അയര്‍ലണ്ടിലെ ഭവന പ്രതിസന്ധിക്ക് ആക്കം കൂടികൊണ്ട്, പടിഞ്ഞാറൻ കൗണ്ടികളിലെ വീടുകളുടെ വില കിഴക്കൻ മേഖലയെക്കാൾ രണ്ടിരട്ടിയായി ഉയർന്നതായി REA യുടെ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ക്ലെയർ, ഡൊണെഗൽ, ഗാൽവേ, ലിമെറിക്ക്, മയോ, റോസ്‌കോമൺ, സ്ലിഗോ തുടങ്ങിയ കൗണ്ടികളിൽ മൂന്നു ബെഡ് സെമി-ഡിറ്റാച്ച്ഡ് വീടുകൾക്ക് മാത്രമായി കഴിഞ്ഞ 12 ആഴ്ചക്കിടെ 10,000 യൂറോയുടെ വിലവർദ്ധനവ് രേഖപ്പെടുത്തി.

REA ശരാശരി ഹൗസ് പ്രൈസ് ഇൻഡക്‌സ് പ്രകാരം, പടിഞ്ഞാറൻ കൗണ്ടികളിൽ വീടുകളുടെ വാർഷിക വില 16 ശതമാനം വർധിച്ചതായി കണ്ടെത്തിയപ്പോൾ, കമ്മ്യൂട്ടർ കൗണ്ടികളിൽ ഇത് 7.5 ശതമാനമായി മാത്രമായിരുന്നു. പുതിയ വീടുകളുടെ അഭാവവും കുറഞ്ഞ വിതരണവും ഈ വില വർദ്ധനവിന് പ്രധാനകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

രാജ്യമൊട്ടാകെ മൂന്നു ബെഡ് സെമി-ഡിറ്റാച്ച്ഡ് വീടുകളുടെ ശരാശരി വില കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 2.1 ശതമാനം ഉയർന്ന് 330,602 യൂറോയിലേയ്ക്ക് എത്തി. വാർഷികതലത്തിൽ ഈ വർദ്ധന 9 ശതമാനമാണ്. 2025-ൽ 6 ശതമാനത്തിന്റെ കൂടുതൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഡബ്ലിനിൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ വീടുകളുടെ വില 1.8 ശതമാനം ഉയർന്ന്, മൂന്നു ബെഡ് സെമി-ഡിറ്റാച്ച്ഡ് വീടുകളുടെ ശരാശരി വില 542,000 യൂറോയായിരിക്കുന്നു. മറ്റു പ്രധാന നഗരങ്ങളിൽ 2 ശതമാനത്തിന്റെ ത്രൈമാസ ഉയർച്ചയോടെ ശരാശരി വില 348,000 യൂറോയായി. വാർഷികതലത്തിൽ ഇത് 7.7 ശതമാനത്തിന്റെ വർദ്ധനയാണ്. 2025-ൽ ഇവിടങ്ങളിൽ 9 ശതമാനത്തിന്റെ വര്ദ്ധനവ് പ്രതീക്ഷിക്കുന്നു.

മായോയിൽ, മൂന്നു ബെഡ് സെമികളുടെ വാർഷിക വിലവർദ്ധന 25 ശതമാനമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്, വിൽപ്പന വില 240,000 യൂറോയിലേയ്ക്ക് ഉയർന്നു. ക്ലെയറിലും 21 ശതമാനം വാർഷിക വർദ്ധനയോടൊപ്പം ത്രൈമാസത്തിൽ 20,000 യൂറോയുടെ വില വര്‍ദ്ധനയും റിപ്പോർട്ട് ചെയ്തു.

ഗാൽവേ സിറ്റിയിൽ തുടർച്ചയായ രണ്ടാം പാദത്തിലും 10,000 യൂറോയുടെ വർദ്ധനവ് രേഖപ്പെടുത്തി, മൂന്നു ബെഡ് സെമികളുടെ ശരാശരി വില 370,000 യൂറോയായി ഉയർന്നു. കോർക്കിൽ (€390,000), ലിമെറിക്കിൽ (€320,000), വാട്ടർഫോർഡിൽ (€312,000) ത്രൈമാസത്തിൽ യഥാക്രമം 1.3 ശതമാനം, 1.6 ശതമാനം, 2.3 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി.

2025-ൽ വീടുകളുടെ വില ഇനിയും ഉയർന്നേക്കുമെന്ന് മാർക്കറ്റ് വിദഗ്ധർ പ്രവചിക്കുന്നു. ഭവന നിർമ്മാണ കുറവും ആവശ്യത്തിലേറെ ഡിമാന്റും വിലവർദ്ധന തുടരാൻ കാരണമായേക്കും.

Share this news

Leave a Reply

%d bloggers like this: