സെൻ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഈ വർഷത്തെ ‘ക്രിസ്തുമസ് – പുതുവത്സരാഘോഷം’ മരിയൻ ഫെസ്റ്റിവിറ്റി 2024 ഡിസംബർ 31 ചൊവ്വാഴ്ച വൈകുന്നേരം 5 മണി മുതൽ St. Lorcan’s Boys National School, 2 Palmerstown Ave, Dublin 20, D20 K248 നടത്തുന്നു. ഇടവക വികാരി ഫാദർ സജു ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന മരിയൻ ഫെസ്റ്റിവിറ്റിയുടെ ഉദ്ഘാടനം സൗത്ത് ഡബ്ലിൻ മേയർ ബേബി പെരേപ്പാടൻ നിർവ്വഹിക്കും. തുടർന്ന്, ക്രിസ്തുമസ് ന്യൂ ഇയർ സന്ദേശവും ഏവരുടെയും മനസും ഹൃദയവും നിറയ്ക്കുന്ന കലാപരിപാടികളും സംഗീതനിശയും ആഘോഷങ്ങൾക്ക് കൊഴുപ്പ് കൂട്ടാൻ ഒരുക്കിയിരിക്കുന്നത്.
അയർലണ്ടിലെ എല്ലാ മലയാളി കമ്മ്യൂണിറ്റിയും ഈ ഉത്സവ അന്തരീക്ഷത്തിന്റെ ഭാഗമാകുകയാണ്. അവരുടെ ഒത്തുചേരലിനും കൂട്ടായ്മയ്ക്കും കൂടി വേദി ആവുകയാണ് ഈ മരിയൻ ഫെസ്റ്റിവിറ്റി. ആഘോഷങ്ങൾക്ക് ചാരുതയേകാൻ വർണശബളമായ ഒട്ടനവധി കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. മരിയൻ ഫെസ്റ്റിവിറ്റി നിങ്ങൾക്കായി കാഴ്ചകളുടെ വിരുന്നൊരുക്കുകയാണ്. ഗായകര്‍, വിവിധ കലാകാരന്മാര്, നൃത്ത സംഘങ്ങള്‍, മാജിക് ഷോ, കരോൾ, ക്ലാസിക്കൽ – സിനിമാറ്റിക്ക് ഡാൻസുകൾ, കോമഡി സ്കിറ്റുകൾ എന്നിവര്‍ അണിനിരക്കും. മാസ്മരിക സംഗീതവുമായി ചുരുങ്ങിയ നാളുകൾക്കുള്ളിൽ അയർലണ്ട് ജനതയുടെ ഹരമായി മാറിയ “നാദം ഓർക്കസ്ട്ര”യുടെ ഗാനമേള ആഘോഷങ്ങളുടെ മാറ്റുകൂട്ടും.
നാവിൽ കൊതിയൂറും രുചിക്കൂട്ടുകൾ കൊണ്ട് അയർലണ്ടിലെ പ്രവാസി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഫുഡ് സ്റ്റാളുകള്‍ ഉണ്ടായിരിക്കുന്നതാണ്. സെൻ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ മരിയൻ ഫെസ്റ്റിവിറ്റി ക്രിസ്തുമസ് ആൻഡ് ന്യൂ ഇയർ ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന സമ്മാന കൂപ്പണുകളുടെ (റാഫിൾ ടിക്കറ്റ്) നറുക്കെടുപ്പും ഈ അവസരത്തിൽ നടത്തുന്നതാണ്.
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശമാണ് ക്രിസ്തുമസ് നമുക്ക് നൽകുന്നത്. കണ്ണിനും മനസിനും കുളിർമയും മധുരവും സമ്മാനിക്കുന്ന നാളുകൾ കൂടിയാണ് ക്രിസ്തുമസ്. ലോകമെങ്ങും സന്തോഷത്തിന്റെയും, കൂടിച്ചേരലുകളുടെയും ആരവങ്ങൾ ഉയർത്തിക്കൊണ്ട് ജാതിയും മതവും ഒന്നും ഇല്ലാതെ മനുഷ്യർ സമഭാവനയോടെ ആഘോഷിക്കുന്ന ക്രിസ്തുമസിനെയും പുതുവർഷത്തെയും വരവേൽക്കാൻ സെൻ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി സംഘടിപ്പിക്കുന്ന മരിയൻ ഫെസ്റ്റിവിറ്റിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ ജിബിൻ ജോർജ് അറിയിച്ചു.
സെൻ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടിയായ മരിയൻ ഫെസ്റ്റിവിറ്റിയിലേക്ക് അയർലണ്ടിലെ മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ട്രസ്റ്റി ബാബു ലൂക്കോസ്, സെക്രട്ടറി നെബു വർക്കി അറിയിച്ചു.
പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് 089 403 7247 ബന്ധപ്പെടുക.