അയര്‍ലണ്ടിലെ സാധാരണ തൊഴിലാളികള്‍ക്ക് പുതു വത്സര സമ്മാനമായി ഇന്ന് മുതല്‍ മിനിമം വേതന വര്‍ധനവ് നടപ്പിലാക്കും. കുറഞ്ഞ വേതന നിരക്ക് മണിക്കൂറിന് 80 സെൻ്റ് ആയാണ് വര്‍ധിക്കുക. ഇതോടെ പുതിയ മിനിമം വേതനം മണിക്കൂറിന് €13.50 ആയി ഉയർന്നു. ഇതിലൂടെ ഏകദേശം 1,95,000 തൊഴിലാളികൾക്ക് നേരിട്ട് ഗുണം ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. മുഴുവന്‍സമയ ജോലിക്കാരുടെ വാർഷിക വരുമാനത്തിൽ €1,600 അധികമായി ലഭിക്കുന്നതിന്റെ സാധ്യതയും വർധനവ് നൽകുന്നു.
എന്നാൽ, മിനിമം വേതന വർധനവ് ചെലവ് കൂടാൻ ഇടയാക്കുമെന്ന് ചെറുകിട കച്ചവടക്കാര്‍ പറയുന്നു. ഇത് വില വര്‍ധനവിന്റെ രൂപത്തിൽ ഉപഭോക്താക്കളെ ബാധിക്കാനിടയുണ്ടെന്ന് അവർ മുന്നറിയിപ്പ് നൽകി.
കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവരുടെ ജീവിത നിലവാരം ഉറപ്പാക്കുന്നതിന് ഈ വർധനവ് സഹായിക്കുമെന്ന് മാൻഡേറ്റ് ട്രേഡ് യൂണിയന്റെ ജനറൽ സെക്രട്ടറി ജിം ഫ്യൂറി പറഞ്ഞു.
കുറഞ്ഞ വേതന വർധനവ് ബജറ്റ് ദിനത്തിൽ പ്രഖ്യാപിച്ച സമഗ്ര പാക്കേജിന്റെ ഭാഗമായി കാണണമെന്നും, ബിസിനസുകൾക്ക് പിന്തുണ നൽകാൻ നടപ്പിലാക്കിയ വിവിധ നടപടികളുമായി സഹകരിച്ച് പരിഗണിക്കണമെന്നും എന്റർപ്രൈസ് വകുപ്പ് വ്യക്തമാക്കി.