ജനുവരി നാലാം തിയതി Swords മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മിസ്. ആൻഡ് മിസ്റ്റർ Swords 2024 -25 സൗന്ദര്യ മത്സരത്തിൽ സൗന്ദര്യപ്പട്ടം നേടി മിസ് ഷെറിൻ റെജി വർഗീസും മിസ്റ്റർ ജോസഫ് ജോൺസണും. അതിമനോഹരമായ ശൈത്യ സന്ധ്യക്ക് മിഴിവേകിയ വർണശബളമായ സൗന്ദര്യ മത്സരത്തിൽ അഴകിന്റെയും പ്രതിഭയുടെയും മാറ്റുരച്ച പതിനഞ്ചു യുവതീ യുവാക്കളിൽ നിന്നാണ് ഷെറിനും ജോസഫ്ഉം കിരീടമണിഞ്ഞത് . മത്സരത്തിൽ ഒന്നാം റണ്ണർ അപ്പ് ആയി മിസ് മെർലിൻ സെബാസ്റ്റ്യൻ , മിസ്റ്റർ ആൽബിൻ ജേക്കബ് എന്നിവരും രണ്ടാം റണ്ണേഴ്സ് അപ്പ് ആയി മിസ് ലിൻഡ റോജിൽ , മിസ്റ്റർ ആഷെർ ഷിബു എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു .
അതിമനോഹരവും വാശിയേറിയതുമായ മൂന്നു റൗണ്ടുകളിലാണ് സ്വോർഡ്സിലെ സുന്ദരിമാരും സുന്ദരന്മാരും വിധികർത്താക്കളെയും കാണികളെയും ഒന്നടങ്കം കണ്ണഞ്ചിപ്പിച്ച പ്രകടനം കാഴ്ച വെച്ചത്. മത്സരത്തിന്റെ ഒന്നാം റൗണ്ടിൽ ഇന്ത്യൻ ഈവെനിംഗ് വെയർ സാരി, ലാച്ച, ഷെർവാണി എന്നിവ അണിഞ്ഞെത്തിയ മത്സരാർത്ഥികൾ വശ്യമായ പുഞ്ചിരിയോടെ തങ്ങളുടെ പാരമ്പര്യം പ്രൗഢിയോടെ ഉയർത്തിപ്പിടിച്ചു റാമ്പ് വാക് ചെയ്തു. രണ്ടാം റൗണ്ടിൽ ഇവർ വെസ്റ്റേൺ എവെനിംഗ് വെയറിൽ തിരിച്ചെത്തി ബോൾ ഗൗണുകൾ , ത്രീ പീസ് സൂട്ടുകൾ എന്നിവയിൽ യൂറോപ്യൻ മോഡലുകളെ വെല്ലുന്ന ലോകോത്തര പ്രകടനമാണ് കാഴ്ച വെച്ചത്. ഫൈനൽ റൗണ്ടിലേക്ക് മുന്നേറിയത് അഞ്ച് പുരുഷന്മാരും അഞ്ചു സ്ത്രീകളും . Final റൗണ്ടിൽ ഫൈനലിസ്റ്റുകൾ വിധികർത്താക്കളുടെ ചോദ്യങ്ങൾക്കു നൽകിയ മറുപടികൾ മത്സരത്തിൽ വഴിത്തിരിവായി.
അയർലണ്ടിലെ അറിയപ്പെടുന്ന ഫാഷൻ ഡിസൈനറും വിധികർത്താവുമായ ഷിന്ടോ ബെനഡിക്ട് സംവിധാനം ചെയ്ത മത്സരത്തിൽ വിധികർത്താക്കളായെത്തിയത് അയർലണ്ടിന്റെ സ്വന്തം ഇരട്ട സുന്ദരികളായ മിസ് കേരള അയർലണ്ട് റിറ്റി സൈഗോയും റിയ സൈഗോയും , ഒപ്പം ഫാഷൻ ഡിസൈനറും ആൻസ് അപ്പാരൽ ഓൺലൈൻ ബൊട്ടീക് ഉടമയുമായ ആൻസി പൊന്നച്ചനും.സംഗീതം പകർന്നത് യുവ ഡിജെയും മത്സരാര്ഥിയുമായ DJ Ali (അലിസ്റ്റർ അനിത് ). ശബ്ദം , വെളിച്ചം ജോഷി കൊച്ചുപറമ്പിൽ. സ്റ്റേജ് പ്രശാന്ത് കെ വി .
മിസ് സ്വോർഡ്സ് 2024 -25 ഇരുപത്തിമൂന്നുകാരിയായ ഷെറിൻ , റെജി വർഗീസ് -ഷീന റെജി ദമ്പതികളുടെ മകളാണ് . DCU Civil Law ബിരുദധാരിയായ ഷെറിന് ട്രാവെല്ലിങ്ങും ഫാഷനും കൂടാതെ അഭിനയത്തിലും മോഡലിംഗിലും ഏറെ താല്പര്യം . മിസ്റ്റർ സ്വോർഡ്സ് 2024 -25 പത്തൊൻപതുകാരനായ ജോസഫ് ട്രിനിറ്റി കോളേജിൽ ബിയോമെഡിക്കൽ സയൻസ് ബിരുദവിദ്യാർഥിയാണ് . ജോൺസൺ ജോസഫ് -ടാനിയ ജോൺസൻ ദമ്പതികളുടെ മകൻ.ഫുട്ബോളിനെയും ക്രിക്കറ്റിനെയും ഒപ്പം സംഗീതത്തെയും സ്നേഹിക്കുന്ന ജോസഫിനും മോഡലിംഗ് , അഭിനയം എന്നിവയിൽ താല്പര്യം.
അയർലണ്ടിന്റെ ചരിത്രത്തിലാദ്യമായി ഇവിടെ ജനിച്ചു വളർന്ന കുട്ടികൾ മാത്രം പങ്കെടുത്ത മിസ്. & മിസ്റ്റർ സ്വോർഡ്സ് 2024 -25 ഫാഷനും കലയും സൗന്ദര്യവും കോർത്തിണക്കി സാങ്കേതിക മികവുകൊണ്ടും, വേറിട്ട സംവിധാനം കൊണ്ടും സ്വോർഡ്സിന് നവ്യാനുഭവമായി മാറി. വരും വർഷങ്ങളിൽ ഇതിലും മികവുറ്റ മത്സരം കാഴ്ചവയ്ക്കാനാകുമെന്നു സംഘാടകർ പറഞ്ഞു .
Photos courtesy: Asharaf Moidu Photography