ഐറിഷ് റോഡുകളിൽ വേഗ പരിധി കുറയ്ക്കൽ ഇന്ന് മുതല്‍ : ഗ്രാമീണ റോഡുകളിൽ 60km/h

ഐറിഷ് റോഡുകളിലെ അപകടങ്ങളും മരണങ്ങളും കുറയ്ക്കാനുള്ള സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി, ഇന്ന് മുതൽ ഗ്രാമീണ പ്രാദേശിക റോഡുകളിൽ വേഗപരിധി 80km/h ല്‍ നിന്ന്  60km/h ആയി കുറയ്ക്കും. രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് റോഡുകളിലായി പുതിയ വേഗപരിധി ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, അധികൃതര്‍ ഈ മാറ്റം കാണിക്കുന്നതിനായി അടയാളബോർഡുകൾ പുതുക്കിയിരുന്നു.

ഗ്രാമീണ വേഗപരിധി അടയാളമായ അഞ്ച് കോണാകൃതിയിലുള്ള കറുത്ത വരകളുള്ള വെളുത്ത വൃത്തം ഇനി മുതൽ പരമാവധി 60 കിലോമീറ്റർ വേഗതയാണ് സൂചിപ്പിക്കുക.

ഈ റോഡുകൾ മാപ്പുകളിൽ ‘L’ എന്ന അക്ഷരത്തോടെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇവ പ്രധാനമായും ഗ്രാമീണ പ്രദേശങ്ങളിലായതിനാൽ, ഈ മാറ്റം ഗതാഗതത്തിനും യാത്രാ സമയത്തിനും വലിയ വ്യത്യാസം ഉണ്ടാക്കില്ലെന്നാണ് കരുതുന്നത്.

റോഡ് അപകടങ്ങളിൽ വർദ്ധിച്ചുവരുന്ന മരണങ്ങൾ പരിഹരിക്കാനുള്ള സർക്കാർ തീരുമാനത്തിന്‍റെ ഭാഗമായാണ് ഈ കുറവ് വരുത്തിയിരിക്കുന്നത്. ഇത് ദേശീയ തലത്തിലെ വേഗ പരിധി പരിഷ്കരണത്തിന്റെ ആദ്യഘട്ടമാണ്.

ഈ വർഷം അവസാനത്തോടെ, നഗരപ്രദേശങ്ങളിലും ടൗൺ സെന്ററുകളിലും ഹൗസിംഗ് എസ്റ്റേറ്റുകളിലും വേഗ പരിധി 50km/h ല്‍ നിന്ന് 30km/h ആയി കുറയ്ക്കും.

അതെ സമയം നാഷണല്‍ സെക്കണ്ടറി റോഡുകളിലെ വേഗപരിധി 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററാക്കും .

2023-ൽ ഗതാഗത വകുപ്പ് നിർദേശപ്രകാരം നടത്തിയ വേഗപരിധി അവലോകന റിപ്പോർട്ട് പ്രകാരം, വേഗത കുറയ്ക്കുന്നത് അപകട സാധ്യതകൾ ഗണ്യമായി കുറയ്ക്കുകയും റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

Share this news

Leave a Reply