ട്രംപിന്റെ നാടുകടത്തിൽ ഭീഷണിയില്‍ വലഞ്ഞു അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികളും. കുടിയേറ്റ നിയന്ത്രണങ്ങൾ മൂലം നാടുകടത്തപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് വിദ്യാർഥികൾ പാർട്ട് ടൈം ജോലികൾ ഉപേക്ഷിക്കാൻ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. കുടിയേറ്റക്കാരെ കണ്ടെത്താന്‍ ജോലി സ്ഥലങ്ങളില്‍ വരെ ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ രേഖകളും മറ്റു ബന്ധപ്പെട്ട രേഖകളും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
ട്രംപ് ഭരണകൂടം കർശനമായ കുടിയേറ്റ നയങ്ങൾ നടപ്പിലാക്കിയതിനെ തുടർന്ന്, പാർട്ട് ടൈം ജോലികൾ ചെയ്ത് ജീവിത വരുമാനം കണ്ടെത്തിയ ഇന്ത്യൻ വിദ്യാർഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. നാടുകടത്തപ്പെടുമെന്നുള്ള ഭയം അവരെ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരാക്കിയെന്നും ഇത് അവരുടെ സാമ്പത്തിക സ്ഥിരതയെ സാരമായി ബാധിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
F-1 വിസയിലുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ വരെ കാമ്പസിൽ ജോലി ചെയ്യാൻ അനുവാദമുണ്ട്. എന്നാൽ, കാമ്പസിലെ ജോലികളുടെ ദൗർലഭ്യം കാരണം വിദ്യാർത്ഥികള്‍ റെസ്റ്റോറന്റുകൾ, റീട്ടെയിൽ സ്റ്റോറുകൾ, ഗ്യാസ് സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്തു വരുന്നുണ്ട്.
പ്രസിഡന്റ് ട്രംപ് അധികാരമേറ്റതിനുശേഷം, പ്രാദേശികവൽക്കരണ നയം വിസ സ്പോൺസർ ചെയ്യുന്ന തൊഴിലുടമകളെ ബുദ്ധിമുട്ടിലാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യൻ വിദ്യാർഥികൾ മാത്രമല്ല, അമേരിക്കയിലെ മറ്റ് എല്ലാം വിദേശ വിദ്യാർഥികളുടെയും അവസ്ഥ ഏറെക്കുറെ ഇങ്ങനെ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ അമേരിക്കയിലെ പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളെയെല്ലാം ട്രംപിൻറെ നാടുകടത്തൽ ഭീഷണി സാരമായി ബാധിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതെ സമയം കഴിഞ്ഞ വർഷം, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്ക നൽകുന്ന F-1 സ്റ്റുഡന്റ് വിസകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഡാറ്റ അനുസരിച്ച്, 2024 ജനുവരി മുതൽ സെപ്റ്റംബർ വരെ 64,008 ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് വിസ അനുവദിച്ചത്. 2023 ലെ ഇതേ കാലയളവിലെ 1,03,495 നെ അപേക്ഷിച്ച് ഇത് 38 ശതമാനം കുറവാണ്. കോവിഡ് മഹാമാരിയെത്തുടർന്ന് വിദ്യാർത്ഥി പ്രവേശനത്തിൽ ഉണ്ടായ കുറവിന് ശേഷം ആദ്യമായാണ് ഇത്രയും ഇടിവ് രേഖപ്പെടുത്തുന്നത്.