അയർലണ്ടിൽ അനധികൃത സ്ട്രീമിംഗ് സേവനങ്ങൾ നിർത്തലാക്കുന്നതിനായി The Federation Against Copyright Theft (FACT) ന്റെ നേതൃത്വത്തിൽ 13 ‘ഡോഡ്ജി ബോക്സ്’ ഓപ്പറേറ്റർമാർക്ക് ലീഗൽ നോട്ടീസ് നല്കി.
ഡിസംബറിൽ രണ്ടാഴ്ചയോളം നീണ്ടുനിന്ന പ്രത്യേക ഓപ്പറേഷനിലാണ് FACT രാജ്യത്തുടനീളമുള്ള ഓപ്പറേറ്റർമാർക്ക് നോട്ടീസുകൾ നൽകിയത്.
ഡബ്ലിൻ, കോർക്ക്, ഡോണെഗൽ, ഓഫലി, ലിമറിക്ക്, ലൗത്ത്, ക്ലെയർ, വെസ്റ്റ് മീത്ത്, ലീഷ് എന്നീ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന 13 അനധികൃത ഐപിടിവി ഓപ്പറേറ്റർമാർക്ക് FACT നിയമനോട്ടീസ് നൽകിയിട്ടുണ്ട്. ഈ നോട്ടിസുകൾ നേരിൽ എത്തിച്ചും, പോസ്റ്റിലും ഇമെയിലിലൂടെയും കൈമാറി.
നോട്ടീസ് ലഭിച്ചവർ തങ്ങളുടെ അനധികൃത പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. നിർദ്ദേശം അവഗണിച്ചാൽ ക്രിമിനൽ കേസുകൾ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരുമെന്നും FACT മുന്നറിയിപ്പ് നൽകി.
അതിന്റെ ഫലമായി നിരവധി സേവനങ്ങൾ നിർത്തലാക്കിയും, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഇല്ലാതാക്കിയും, സബ്സ്ക്രിപ്ഷനുകൾ അവസാനിപ്പിച്ചും, ചിലർ പിഴയടച്ചു പ്രശ്നം തീർപ്പാക്കാൻ സമ്മതിച്ചതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അനധികൃത സ്ട്രീമിംഗ് നെറ്റ് വർക്കുകൾ പലപ്പോഴും സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളതാവാം എന്നും, അവയുടെ വരുമാനം മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായകമാകാമെന്നും FACT മുന്നറിയിപ്പ് നൽകി. വ്യാജ സ്ട്രീമിംഗ് സേവനങ്ങൾ ഉപയോക്താക്കളുടെ ഡിവൈസുകളിൽ മാൽവെയറുകളും വൈറസുകളും ബാധിക്കുന്നതോടൊപ്പം സാമ്പത്തിക തട്ടിപ്പുകൾക്കും വ്യക്തിഗത വിവരങ്ങൾ കവർച്ച ചെയ്യപ്പെടുന്നതിനുമുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും FACT വ്യക്തമാക്കി.
ഇതിനു പുറമേ, അനധികൃത സ്ട്രീമിംഗിന്റെ അപകടങ്ങളെക്കുറിച്ച് ഉപയോക്താക്കളെ ബോധവൽക്കരിക്കുന്നതിന് വേണ്ടി ‘BeStreamWise’ എന്ന ഉപഭോക്തൃ ക്യാമ്പെയ്ൻ FACT പിന്തുണയ്ക്കുന്നു. ഈ കാമ്പെയ്ൻ വഴി ഉപയോക്താക്കൾക്ക് സുരക്ഷിതമായ രീതിയിൽ ഉള്ളടക്കം ആസ്വദിക്കാനുള്ള വഴികൾ കണ്ടെത്താൻ സഹായിക്കും.
2023 മാർച്ച് മുതൽ തുടങ്ങിയ നിയമനടപടികളിൽ ഇതുവരെ 70-ഓളം അനധികൃത ഐപിടിവി സേവനങ്ങൾ അടച്ചുപൂട്ടിയതായും FACT വ്യക്തമാക്കി. രാജ്യത്ത് അനധികൃത സ്ട്രീമിംഗ് നിർമാർജ്ജനം ചെയ്യാനും ഉപഭോക്താക്കളെ സംരക്ഷിക്കാനുമുള്ള ഭാഗമായാണ് FACT ന്റെ ഈ നടപടി.