അയര്‍ലണ്ടിലെ ഭവനപ്രതിസന്ധി പരിഹരിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടേക്കുമെന്ന് സൂചന നല്‍കി സെന്‍ട്രല്‍ ബാങ്ക്. നേരത്തെ കണക്കുകൂട്ടിയതിലും കുറച്ച് വീടുകളുടെ പണി മാത്രമേ സര്‍ക്കാര്‍ പദ്ധതിയില്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ വര്‍ഷം 30,330 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍, 2023-ല്‍ 32,695 എണ്ണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നു.
സര്‍ക്കാരിന്റെ Housing for All പദ്ധതി പ്രകാരം ഈ വര്‍ഷം 41,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ സെന്‍ട്രല്‍ ബാങ്കിന്റെ 2025-ലെ ആദ്യ പാദ ബുള്ളറ്റിന്‍ പ്രകാരം, ഈ ലക്ഷ്യം എത്തിപ്പിടിക്കാന്‍ സാധിച്ചേക്കില്ലെന്നും, 35,000-ഓളം വീടുകളുടെ നിര്‍മ്മാണം മാത്രമേ ഈ വര്‍ഷം സാധ്യമാകുകയുള്ളൂ എന്നുമാണ് പ്രവചിക്കുന്നത്.
ഈ വര്‍ഷം മാത്രമല്ല 2026, 2027 വര്‍ഷങ്ങളിലെ ഭവനനിര്‍മ്മാണ പദ്ധതികളും പൂര്‍ണ്ണമായുിം ലക്ഷ്യത്തിലെത്താന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. അടുത്ത വര്‍ഷം 43,000 വീടുകളും, 2027-ല്‍ 48,000 വീടുകളും നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ 2026-ല്‍ 40,000 വീടുകള്‍, 2027-ല്‍ 44,000 എന്നിങ്ങനെയേ നിര്‍മ്മാണം പൂര്‍ത്തിയാകുകയുള്ളൂ എന്ന് സെന്‍ട്രല്‍ ബാങ്ക് പ്രവചിക്കുന്നു.
നിര്‍മ്മാണമേഖലയിലെ മന്ദഗതി, പ്ലാനിങ് രംഗത്തെ മെല്ലെപ്പോക്ക്, യൂട്ടിലിറ്റി കണക്ഷനുകളിലെ കാലതാമസം എന്നിവയെല്ലാമാണ് ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് തടസം സൃഷ്ടിക്കുന്നതെന്നും ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2024-ല്‍ നിര്‍മ്മാണം അനുവദിച്ച വീടുകളുടെ എണ്ണം 69,000 ആയി ഉയര്‍ന്നിട്ടുണ്ടെങ്കിലും, ഇവയില്‍ എത്രയെണ്ണം സമയബന്ധിതമായി പൂര്‍ത്തിയാക്കാക്കും എന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.
സെന്‍ട്രല്‍ ബാങ്കിന് പിന്നാലെ സര്‍ക്കാരിന്റെ ഭവനപദ്ധതി ഈ വര്‍ഷം വിചാരിച്ച ലക്ഷ്യം നേടില്ലെന്ന് Banking & Payments Federation Ireland (BPFI)-യും പ്രവചിച്ചിട്ടുണ്ട്. പദ്ധതിയിട്ടതില്‍ നിന്നും ഏകദേശം 9,000 കുറവ് വീടുകള്‍ ഈ വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാക്കൂ എന്നാണ് BPFI റിപ്പോര്‍ട്ട് പറയുന്നത്.