വാനില്‍ പൈപ്പ് ബോംബുകളുമായി പോകുന്നതിനിടെ പിടിക്കപ്പെട്ടയാള്‍ക്ക് അയര്‍ലണ്ടില്‍ തടവ് ശിക്ഷ. Les Byrne എന്ന 49-കാരനെയാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ആറ് വര്‍ഷവും മൂന്ന് മാസവും തടവിന് ശിക്ഷിച്ചത്.
2024 മാര്‍ച്ച് 24-നാണ് ഡബ്ലിനിലെ Clondalkin-ല്‍ ഗാര്‍ഡയുടെ വാഹനപരിശോധനയ്ക്കിടെ ഇയാളുടെ വാനില്‍ നിന്നും നാല് പൈപ്പ് ബോംബുകള്‍ കണ്ടെത്തിയത്. സംഘടിത കുറ്റകൃത്യസംഘങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന പോരിന്റെ ഭാഗമായി ആക്രമണത്തിന് ഉപയോഗിക്കാനായിരുന്നു ഇവ കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി ഗാര്‍ഡ കോടതിയില്‍ വ്യക്തമാക്കി. പ്രതി ഇവ കുറ്റവാളികള്‍ക്ക് നല്‍കാന്‍ കൊണ്ടുപോകുകയായിരുന്നു എന്നാണ് സംശയം. പ്രതിക്ക് മേല്‍ നേരത്തെ 24 കേസുകളുമുണ്ട്.
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പ്രതി, വളരെ ചെറിയ പ്രതിഫലം മുന്നില്‍ കണ്ടാകാം കുറ്റകൃത്യം നടത്തിയതെന്നും, എന്നാല്‍ പക്വതയുള്ള വ്യക്തി എന്ന നിലയ്ക്ക് ഈ കൃത്യം നടത്താന്‍ പ്രതി തയ്യാറാകരുതായിരുന്നു എന്നും ജഡ്ജായ Martin Nolan നിരീക്ഷിച്ചു. തുടര്‍ന്ന് ആദ്യം 10 വര്‍ഷത്തേയ്ക്ക് തടവ് വിധിക്കുകയും, കുടുംബസാഹചര്യങ്ങളും ഉത്തരവാദിത്തങ്ങളും പരിഗണിച്ച് അത് ആറ് വര്‍ഷവും മൂന്ന് മാസവുമാക്കി കുറയ്ക്കുകയുമായിരുന്നു.