ഗൗരവ കുറ്റകൃത്യങ്ങളിൽ പെടുന്നവരുടെ പൗരത്വം റദ്ദാക്കുന്ന നിയമം അയർലണ്ടിൽ വീണ്ടും; ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ കമ്മീഷൻ

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ ഐറിഷ് പൗരത്വം റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്ക രേഖപ്പെടുത്തി Irish Human Rights and Equality Commission. നീതിന്യായവകുപ്പ് മന്ത്രി Jim O’Callaghan ഈയാഴ്ചയാണ് ഈ നിയമം വീണ്ടും നടപ്പിലാക്കാനുള്ള നിര്‍ദ്ദേശത്തില്‍ ഒപ്പുവച്ചത്. Irish Nationality and Citizenship Act 1956 (as amended)-ന്റെ സെക്ഷന്‍ 19 പ്രകാരമാണ് പൗരത്വം റദ്ദാക്കാന്‍ സാധിക്കുന്നത്. ഏപ്രില്‍ 7 മുതല്‍ ഇത് നിലവില്‍ വന്നിട്ടുണ്ട്.

എന്നാല്‍ ഈ നിയമം ഭരണഘടനാപരമാണെന്ന് കരുതുന്നില്ലെന്ന് പറയുകയാണ് Irish Human Rights and Equality Commission. ഈ നിയമം ബാധിക്കുക ജന്മനാ പൗരത്വം ലഭിച്ചവരെയല്ല, മറിച്ച് നാച്വറലൈസേഷന്‍ വഴി പൗരത്വം ലഭിച്ചവരെയാണ്. അടിയന്തരമല്ലാത്ത സാഹചര്യത്തിലും ഒരാളുടെ പൗരത്വം റദ്ദ് ചെയ്യാന്‍ നീതിന്യായവകുപ്പ് മന്ത്രിക്ക് അനുമതി നല്‍കുന്ന തരത്തിലാകും ഈ നിയമമെന്ന് കമ്മീഷന്‍ പറയുന്നു. കാലികപ്രസക്തിയില്ലാത്ത ഒരു നിയമം നടപ്പിലാക്കാന്‍ ഇപ്പോള്‍ എന്തിനാണ് ശ്രമിക്കുന്നത് എന്നും കമ്മീഷന്‍ മേധാവി Liam Herrick ചോദ്യമുയര്‍ത്തുന്നു. നിയമത്തിന് ആവശ്യമായ വ്യക്തത ഇല്ലെന്ന് പറഞ്ഞ കമ്മീഷന്‍, 2021-ല്‍ സുപ്രീം കോടതിയും സമാനമായ അഭിപ്രായമാണ് പങ്കുവച്ചതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം പൗരത്വം റദ്ദാക്കാനുള്ള നിയമത്തെ മന്ത്രി Jim O’Callaghan ന്യായീകരിച്ചു. തെറ്റായ രീതിയില്‍ പൗരത്വം സമ്പാദിക്കുന്നവരുടെയും, രാജ്യത്തിന് ഭീഷണിയാകുന്ന പൗരന്മാരുടെയും പൗരത്വം റദ്ദാക്കാനുള്ള അധികാരം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമം നാച്വറലൈസേഷന്‍ വഴി പൗരത്വം ലഭിച്ചവരെ ശിക്ഷിക്കാനുള്ളതല്ല എന്നും, വളരെ ഗൗരവകരമായ സാഹചര്യത്തില്‍ മാത്രമേ ഈ അധികാരം വിനിയോഗിക്കയുള്ളൂ എന്നും മന്ത്രി പറയുന്നു.

Share this news

Leave a Reply

%d bloggers like this: