അയർലണ്ടിൽ ഭക്ഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ലഭിച്ചത് 5000-ഓളം പരാതികൾ; പരാതികളിൽ ഒന്നാമത് മോശം ഭക്ഷണം, രണ്ടാമത് ഭക്ഷ്യ വിഷബാധ

രാജ്യത്തെ ജനങ്ങളില്‍ നിന്നും കഴിഞ്ഞ വര്‍ഷം തങ്ങള്‍ക്ക് 8,596 പരാതികളും, സംശയനിവാരണങ്ങളും ലഭിച്ചതായി Food Safety Authority of Ireland (FSAI). 4,996 പരാതികളാണ് പോയ വര്‍ഷം ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചത്. 2023-നെക്കാള്‍ 13.7% അധികമാണിത്.

കഴിഞ്ഞ വര്‍ഷം ലഭിച്ച പരാതികളില്‍ ഒന്നാമതുള്ളത് മോശം ഭക്ഷണവുമായി ബന്ധപ്പെട്ടിട്ടുള്ളവയാണ്. ആകെപരാതികളില്‍ 32% ഇവയാണ്. കഴിഞ്ഞ 10 വര്‍ഷമായി ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ വര്‍ദ്ധിക്കുന്നതായാണ് കാണുന്നതെന്നും, തങ്ങള്‍ക്ക് ലഭിച്ച പരാതികളില്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ അന്വേഷണം നടത്തി നടപടികളെടുത്തതായും FSAI പറഞ്ഞു.

പ്രോട്ടീന്‍ ബാറില്‍ റബ്ബര്‍ കഷണം, ബ്രൗണ്‍ ബ്രെഡില്‍ ചിലന്തി, ചിക്കനില്‍ ഗ്ലാസ് കഷണം, ചിപ്‌സ് പാക്കറ്റില്‍ ടൂത്ത് പിക്ക്, മില്‍ക്ക്‌ഷേക്കില്‍ പ്ലാസ്റ്റിക് കഷണം, പാഴ്‌സല്‍ ഭക്ഷണത്തില്‍ ലോഹക്കഷണം, മുന്തിരിയില്‍ ഒച്ച് മുതലായവയെല്ലാം പരാതികളായി ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു.

ഭക്ഷണത്തില്‍ പ്ലാസ്റ്റിക്, പ്രാണികള്‍, ചിലന്തികള്‍, മുടി, ഗ്ലാസ്, ലോഹക്കഷണങ്ങള്‍, കല്ലുകള്‍ എന്നിവ കണ്ടെത്തിയതായി ധാരാളം പരാതികള്‍ ലഭിച്ചുവെന്ന് FSAI പറയുന്നു. ശരിയായി പാചകം ചെയ്യാത്ത ഭക്ഷണം വിളമ്പുക, തണുത്ത ഭക്ഷണം വിളമ്പുക, ഭക്ഷണത്തിന് മോശം രുചി, ഗന്ധം എന്നീ പരാതികളും ലഭിച്ചു.

പോയ വര്‍ഷം ഭക്ഷ്യവിഷബാധ സംശയിച്ച് ലഭിച്ച പരാതികള്‍ 2023-നെക്കാള്‍ 23.3% അധികമാണെന്നും FSAI വ്യക്തമാക്കി. മോശം ഭക്ഷണം കഴിഞ്ഞാല്‍ ഏറ്റവുമധികം പരാതി ലഭിച്ചത് ഇതുമായി ബന്ധപ്പെട്ടാണ്.

റസ്റ്ററന്റുകളിലെ വൃത്തിയുമായി ബന്ധപ്പെട്ട പരാതികളാണ് എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത്. കാഷ്ഠങ്ങള്‍ വീണ് കിടക്കുക, നല്ല വസ്ത്രം ധരിക്കാത്ത ജീവനക്കാര്‍, വ്യക്തിശുചിത്വം പാലിക്കാത്ത ജീവനക്കാര്‍, റസ്റ്ററന്റില്‍ പ്രാണികളും, പാറ്റകളും, ശരിയായി ശീതീകരിക്കാതെ ഭക്ഷണം സൂക്ഷിക്കുക, നിലത്ത് ഭക്ഷണം വയ്ക്കുക മുതലായവ ഇതില്‍ പെടുന്നു.

Share this news

Leave a Reply

%d bloggers like this: