അയര്‍ലണ്ടില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് മാസം പിന്നിടുമ്പോള്‍ രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള പാര്‍ട്ടി എന്ന ഖ്യാതി തിരികെപ്പിടിച്ച് പ്രധാന പ്രതിപക്ഷമായ Sinn Fein. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും മേരി ലൂ മക്‌ഡൊണാള്‍ഡ് നയിക്കുന്ന പാര്‍ട്ടിക്ക് നിലവില്‍ രാജ്യത്തെ 26% പേരുടെ പിന്തുണയുണ്ടെന്നാണ് പുതിയ Irish Times/Ipsos പോള്‍ വ്യക്തമാക്കുന്നത്. മുന്‍ സര്‍വേയെക്കാള്‍ 6% ആണ് വര്‍ദ്ധന. പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യ അഭിപ്രായ വോട്ടെടുപ്പാണിത്.
ഭരണകക്ഷിയായി Fine Gael-നുള്ള പിന്തുണ 3% കുറഞ്ഞ് 16% ആയിട്ടുണ്ട്. 1994-ന് ശേഷം പാര്‍ട്ടിയുടെ ജനപ്രീതി ഇത്രയും കുറയുന്നത് ആദ്യമാണ്. മറ്റൊരു ഭരണകക്ഷിയും, പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്റെ പാര്‍ട്ടിയുമായ Fianna Fail-ന് 22% പേരുടെ പിന്തുണയാണുള്ളത്. സോഷ്യല്‍ ഡെമോക്രാറ്റ്‌സ് 7%, ലേബര്‍ പാര്‍ട്ടി 5% എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളുടെ നില.
രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് പ്രധാനമന്ത്രിയായ മീഹോള്‍ മാര്‍ട്ടിനാണെന്നും (45% പിന്തുണ) സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. ഉപപ്രധാനമന്ത്രിയും, Fine Gael നേതാവുമായ സൈമണ്‍ ഹാരിസ് രണ്ടാമതും (42%), Sinn Fein നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ് മൂന്നാമതുമാണ് (37%).