അയർലണ്ടിലെ ജയിലുകളിൽ തടവുകാർ കൂടി; കലാപം ഉണ്ടായേക്കുമെന്ന ഭയത്തിൽ അധികൃതർ

ഡബ്ലിനിലെ ജയിലുകളിലെ തടവുകാരുടെ എണ്ണക്കൂടുതലില്‍ ആശങ്ക രേഖപ്പെടുത്തി അധികൃതര്‍. ജയിലിനകത്ത് കലാപമുണ്ടാകാന്‍ എണ്ണക്കൂടുതല്‍ കാരണമാകുമെന്നാണ് ആശങ്ക.

2009-ല്‍ 13,500 പേരാണ് അയര്‍ലണ്ടിലെ ജയിലുകളില്‍ ഉണ്ടായിരുന്നത്. ഇത്രും പേര്‍ ജയിലുകളില്‍ കഴിയുന്ന സ്ഥിതി അതിന് ശേഷം ഇതുവരെ ഉണ്ടായിട്ടുമില്ല. ആ വര്‍ഷം അവസാനം ഡബ്ലിന്‍ Mount Joy ജയിലിലെ 20-ഓളം തടവുകാര്‍ മരക്കഷണങ്ങളും മറ്റുമായി പരസ്പരം സംഘട്ടനത്തിലേര്‍പ്പെടുന്ന സ്ഥിതിയും ഉണ്ടായിരുന്നു. ഇതില്‍ പലരെയും പിന്നീട് കലാപമുണ്ടാക്കിയതിന് ശിക്ഷിച്ചു.

നിലവിലെ സ്ഥിതി വച്ച് ഇത്തരം സംഭവങ്ങള്‍ വീണ്ടും ഉണ്ടാകാമെന്നാണ് മുതിര്‍ന്ന ജയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ജയിലുകളില്‍ കഴിയുന്നവരുടെ എണ്ണം നിലവില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഐറിഷ് ജയിലുകളുടെ കപ്പാസിറ്റി 4,631 ആണ്. എന്നാല്‍ 2025 മാര്‍ച്ച് 3-ലെ കണക്കുകള്‍ പ്രകാരം റിമാന്‍ഡ് ചെയ്യപ്പെട്ടവരടക്കം 5,287 പേരാണ് നിലവില്‍ വിവിധ ജയിലുകളിലായി ഉള്ളത്. ഇതില്‍ 900-ലധികം പേര്‍ റിമാന്‍ഡ് ചെയ്യപ്പെട്ടവരാണ്. 300 പേര്‍ക്കുള്ള സ്ഥലം അടിയന്തരസാഹര്യങ്ങള്‍ക്കായി എപ്പോഴും ഒഴിച്ചിടണമെന്നാണ് ചട്ടമെങ്കിലും എണ്ണക്കൂടുതല്‍ കാരണം അതും പാലിക്കാന്‍ സാധിക്കുന്നില്ല. 350-ഓളം പേര്‍ പായിലും, നിലത്തുമാണ് കിടന്നുറങ്ങുന്നത്.

രാജ്യമെമ്പാടുമുള്ള ജയിലുകളില്‍ തടവുകാരുടെ എണ്ണം വര്‍ദ്ധിച്ചത് ആശങ്കപ്പെടുത്തുന്നതായി Irish Prison Officers’ Association (POA)-നും പറയുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും അസോസിയേഷന്‍ പറയുന്നു. വരുന്ന വേനല്‍ക്കാലത്ത് ചൂട് വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പും, ജയിലുകളിലെ തടവുകാരുടെ എണ്ണക്കൂടുതലും സ്ഥിതി വഷളാക്കിയേക്കുമെന്ന് POA പ്രസിഡന്റ് Tony Power അഭിപ്രായപ്പെട്ടിട്ടുണ്ട്. തടവുകാരെ പാര്‍പ്പിക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണെന്നും, ഡബ്ലിനിലെ Mountjoy ജയിലില്‍ ഇത്തരമൊരു കലാപമുണ്ടാകുകയാണെങ്കില്‍ 20 തടവുകാരെ Midlands ജയിലിലേയ്ക്ക് മാറ്റേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു. അങ്ങനെ മാറ്റണമെങ്കില്‍ ആദ്യം Midlands-ല്‍ നിന്നും 20 പേരെ മറ്റെവിടേക്കെങ്കിലും മാറ്റേണ്ടതായി വരും. എന്നാല്‍ ഇത് പ്രായോഗികമല്ല.

അതേസമയം സ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ജയിലുകള്‍ നിര്‍മ്മിക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്നാണ് Irish Prison Service ഡയറക്ടര്‍ ജനറലായ Caron McCaffrey പറയുന്നത്. നിലവിലെ ജയിലുകള്‍ വിപുലീകരിക്കുകയാണ് ചെലവ് കുറഞ്ഞതും, എളുപ്പവുമായ മാര്‍ഗ്ഗമെന്നും അദ്ദേഹം പറയുന്നു. ഈയാഴ്ച നടക്കാനിരിക്കുന്ന Irish Prison Officers’ Association വാര്‍ഷിക സമ്മേളനത്തില്‍ ജയിലുകളില്‍ കൂടുതല്‍ സ്ഥലം നിര്‍മ്മിക്കാനുള്ള നടപടികള്‍ നീതിന്യായവകുപ്പ് മന്ത്രി Jim O’Callaghan വിശദീകരിച്ചേക്കും.

നേരത്തെയുള്ള മന്ത്രിമാരും സര്‍ക്കാരുകളും ജയിലുകളിലെ തടവുകാരുടെ എണ്ണക്കൂടുതല്‍ പരിഹരിക്കാന്‍ ശ്രമം നടത്താത്തതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് അമര്‍ഷമുണ്ട്. തടവുകാരുടെ എണ്ണക്കൂടുതലുള്ള ജയിലുകളില്‍ ജോലി ചെയ്യുക വളരെ ശ്രമകരമാണെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ഒപ്പം ജയിലുകളിലേയ്ക്ക് പുറത്ത് നിന്നും പലതും കടത്തുന്നതും നിലനില്‍ക്കെ, തോക്ക് വരെ കടത്തിപ്പെടാമെന്ന ആശങ്കയും നിലനില്‍ക്കുന്നു. കസ്റ്റഡി റിമാന്‍ഡ് കുറയ്ക്കുന്നതിനായി നടപടിയെടുക്കണമെന്ന 2013-ലെ സംയുക്ത പാര്‍ലമെന്റ് സമതി റിപ്പോര്‍ട്ടിലും ഒരു നടപടിയും കൈക്കൊണ്ടില്ല എന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

Share this news

Leave a Reply