അയര്‍ലണ്ടിലെ സ്വകാര്യ വാടകവീടുകളില്‍ കഴിഞ്ഞ വര്‍ഷം നടന്നത് റെക്കോര്‍ഡ് ഇന്‍സ്‌പെക്ഷനുകള്‍. 2024-ല്‍ 80,150 ഇന്‍സ്‌പെക്ഷനുകളാണ് തദ്ദേശസ്ഥാപനങ്ങള്‍ നടത്തിയതെന്നും, 2023-നെക്കാള്‍ 26% അധികമാണിതെന്നും ഭവനമന്ത്രി James Browne പറഞ്ഞു. ഈ വര്‍ഷം ഇത്തരം പരിശോധനകള്‍ നടത്താന്‍ 10.5 മില്യണ്‍ യൂറോ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 2005-2017 കാലയളവില്‍ ഓരോ വര്‍ഷവും ശരാശരി 20,000 ഇന്‍സ്‌പെക്ഷനുകളാണ് നടന്നിരുന്നത്.
വാടകക്കാര്‍ എവിടെ താമസിച്ചാലും താമസസ്ഥലം നിലവാരം പാലിക്കുക നിര്‍ബന്ധമാണെന്നും, പരിശോധന ഇതേ രീതിയില്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. വാടകവീടുകളില്‍ ആവശ്യമായ ഹീറ്റിങ്, വെന്റിലേഷന്‍, സാനിറ്റേഷന്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്നിവയെല്ലാം കൃത്യമായി ഉണ്ടെന്ന് ഉടമയാണ് ഉറപ്പ് വരുത്തേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍സ്‌പെക്ഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതില്‍ തദ്ദേശസ്ഥാപനങ്ങളെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. വാടകവീടുകള്‍ എന്തെല്ലാം മാനദണ്ഡങ്ങളാണ് പാലിക്കേണ്ടതെന്ന് Housing (Standards for Rented Houses) Regulations 2019-ല്‍ വിശദമാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ വാടകക്കെട്ടിടങ്ങള്‍ക്കും ഇത് ബാധകമാണ്.
17,559 ഇന്‍സ്‌പെക്ഷനുകള്‍ നടത്തിയ കോര്‍ക്ക് സിറ്റി കൗണ്‍സിലാണ് ഏറ്റവുമധികം പരിശോധനകള്‍ പോയ വര്‍ഷം നടത്തിയത്. ഏറ്റവും കുറവ് പരിശോധനകള്‍ നടത്തിയത് Longford County Council ആണ്- 280.
പരിശോധനകളില്‍ 37,800 വാടകവീടുകള്‍ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തി. സ്ഥിതി മെച്ചപ്പെടുത്താനായി 55,310 കത്തുകളും, 2,330 നോട്ടീസുകളും കെട്ടിടം ഉടമകള്‍ക്ക് നല്‍കി.
ഇതിന് പുറമെ 210 ഉടമകള്‍ക്ക് പ്രൊഹിബിഷന്‍ നോട്ടീസുകള്‍ നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി. നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മാത്രമേ ഈ കെട്ടിടങ്ങള്‍ ഇനി വാടകയ്ക്ക് നല്‍കാന്‍ സാധിക്കുകയുള്ളൂ. ഇതിന് വിരുദ്ധമായി വീട് വാടകയ്ക്ക് നല്‍കിയാല്‍ നിയമനടപടി നേരിടേണ്ടിവരും.
ഇന്‍സ്‌പെക്ഷനുകളിലെ കണ്ടെത്തലുകളുടെ ഫലമായി 10 കെട്ടിട ഉടമകള്‍ക്കെതിരെ നിയമനടപടിയും എടുത്തിട്ടുണ്ട്. ഡോണഗല്‍ അഞ്ച്, ഡബ്ലിന്‍ സിറ്റി രണ്ട്, Dún Laoghaire-Rathdown ഒന്ന്, വിക്ക്‌ലോ രണ്ട് എന്നിങ്ങനെയാണ് ഇവ.