അയര്‍ലണ്ടിലെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ വലിയ രീതിയില്‍ ഉത്കണ്ഠ, സമ്മര്‍ദ്ദം, സുരക്ഷതത്വമില്ലായ്മ എന്നിവ അനുഭവിക്കുന്നതായി The Shona Project നടത്തിയ സര്‍വേ ഫലം. 12-19 പ്രായക്കാരായ 1,000-ലധികം പെണ്‍കുട്ടികളെയും, നോണ്‍ ബൈനറി ആയിട്ടുള്ളവരെയും പങ്കെടുപ്പിച്ചാണ് The Shona Project, സോഷ്യല്‍ വാല്യു റിസര്‍ച്ച് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ The Outcome-മായി ചേര്‍ന്ന് സര്‍വേ നടത്തിയത്.
രാജ്യത്തെ കൗമാരക്കാരായ പെണ്‍കുട്ടികളുടെ ജീവിതത്തെപ്പറ്റി ഉള്‍ക്കാഴ്ച നല്‍കുന്ന സര്‍വേയിലെ കണ്ടെത്തലുകളും ഏറെ പ്രധാനപ്പെട്ടവയാണ്. വിദ്യാഭ്യാസം, ആത്മാഭിമാനം, സുരക്ഷ, സോഷ്യല്‍ മീഡിയ, വൈകാരികമായ അവസ്ഥ, സ്ത്രീവിരുദ്ധത എന്നിവയെ പറ്റിയെല്ലാം റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നു.
സര്‍വേയിലെ പ്രധാന കണ്ടെത്തലുകള്‍ ഇവ:
– സ്‌കൂളിലെ അന്തരീക്ഷം എല്ലാവര്‍ക്കും സുരക്ഷിതവും, സ്വാഗതം ചെയ്യുന്നതുമല്ലെന്ന് 67% പേരും വിശ്വസിക്കുന്നു.
– 89% പേരും ഏതെങ്കിലും തരത്തിലുള്ള ഉത്കണ്ഠയോ, ആകുലതയോ അനുഭവിക്കുന്നു. അത് മറ്റാര്‍ക്കും അറിയാത്തതുമാണ്.
– 79% പേര്‍ക്കും ചിലപ്പോഴെല്ലാം ‘ഒട്ടും സുഖമില്ലായ്മ’ അനുഭവപ്പെടുന്നു.
– 80% പേരും തങ്ങളുടെ തലമുറ, മുന്‍ തലമുറകളെക്കാള്‍ വെല്ലുവിളികള്‍ നേരിടുന്നതായി വിശ്വസിക്കുന്നു.
– 70% പേരും സോഷ്യല്‍ മീഡിയ തങ്ങളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നതായി പ്രതികരിക്കുന്നു.
– അഞ്ചിലൊന്ന് പേരും തങ്ങളുടെ സുരക്ഷയെ പറ്റി ആശങ്കാകുലരാണ്. 78% പേരും ആണ്‍കുട്ടികളും, പുരുഷന്മാരും തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കരുതുന്നു.
– 61% പേര്‍ തങ്ങളുടെ ശരീരം കാണാന്‍ മോശമാണെന്ന് കരുതുന്നു.
– 68% പേരും തങ്ങളുടെ പ്രശ്‌നങ്ങള്‍ പറയാനും, പിന്തുണയ്ക്കാനും മെച്ചപ്പെട്ട സംവിധാനം വേണമെന്ന് വിശ്വസിക്കുന്നു.
തങ്ങള്‍ നിരന്തരം സ്‌കൂളുകളില്‍ കാണുന്ന കാര്യങ്ങളാണ് സര്‍വേയിലൂടെ വെളിപ്പെട്ടതെന്ന് The Shona Project പറയുന്നു. നമ്മുടെ സമൂഹത്തിലെ പെണ്‍കുട്ടികള്‍ വിവിധങ്ങളായ പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അവരത് കൃത്യമായി പറയുകയും ചെയ്യുന്നു. സ്‌കൂളുകള്‍, സര്‍ക്കാര്‍, കൂട്ടായ്മകള്‍ എന്നിവരെല്ലാം ഇതില്‍ ഇടപെടാനും, കൗമാരക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ നടപടിയെടുക്കാനും The Shona Project ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.
വിദ്യാഭ്യാസ കാര്യത്തിലും, സ്‌കൂളിലെ മറ്റ് കാര്യങ്ങളിലും വലിയ സമ്മര്‍ദ്ദം കൗമാരക്കായ പെണ്‍കുട്ടികള്‍, നോണ്‍ ബൈനറി വ്യക്തികള്‍ എന്നിവര്‍ അനുഭവിക്കുന്നുവെന്നും, സ്‌കൂളിലെ പോസിറ്റീവായ ഒരിടമായി കാണാന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. ചിലര്‍ പ്രശ്‌നങ്ങള്‍ കാരണം ടോയ്‌ലറ്റുകളില്‍ ഒളിച്ചിരിക്കുകയോ, മറ്റ് ചിലപ്പോള്‍ സ്‌കൂളില്‍ വരാതിരിക്കുകയോ പോലും ചെയ്യുന്നു. അതിനാല്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇടമായി സ്‌കൂളുകള്‍ മാറേണ്ടതുണ്ട്. സര്‍വേഫലം സമൂഹത്തില്‍ മാറ്റം വേണ്ടതിന്റെ ചൂളം വിളിയാണെന്നും, The Shona Project വ്യക്തമാക്കുന്നു.
കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് മെന്റര്‍ഷിപ്പ് പ്രോഗ്രാമുകള്‍, സ്‌കൂള്‍ വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവ നടത്തിവരുന്ന The Shona Project, വര്‍ഷം തോറും Shine Festival-ഉം നടത്തിവരുന്നു. ഈ വര്‍ഷം മുതല്‍ കൗമാരക്കാരായ ആണ്‍കുട്ടികളില്‍ സഹാനുഭൂതി, ഉത്തരവാദിത്തം എന്നിവ വളര്‍ത്തുന്നതിനും, അവരെ പിന്തുണയ്ക്കുന്നതിനുമുള്ള പദ്ധതികളും The Shona Project ആവിഷ്‌കരിക്കുന്നുണ്ട്.