യൂറോവിഷൻ സംഗീത മത്സരത്തിൽ ഇസ്രയേലിനെ പങ്കെടുപ്പിക്കരുത്; ശക്തമായ നിലപാടുമായി അയർലണ്ട്

ഈ വര്‍ഷത്തെ Eurovision Song Contest-ല്‍ ഇസ്രായേലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവുമായി European Broadcasting Union (EBU)-ന് തുറന്ന കത്തുമായി 350-ലധികം ഐറിഷ് ടിവി, ഫിലിം പ്രൊഡ്യൂസര്‍മാര്‍. ഇത്തവണത്തെ മത്സരത്തിലും ഇസ്രായേലിനെ പങ്കെടുപ്പിക്കുമെന്ന EBU ഡയറക്ടര്‍ Martin Green-ന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രൊഡ്യൂസര്‍മാര്‍ തുറന്ന കത്തയച്ചിരിക്കുന്നത്.

ഗാസയില്‍ ഇസ്രായേല്‍ നടത്തിവരുന്ന ആക്രമണങ്ങള്‍ കാരണം ഇസ്രായേലിനെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതിന് വ്യാപകമായി എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. അയര്‍ലണ്ടിലെ ദേശീയ മാധ്യമമായ RTE-യിലെ മാധ്യമപ്രവര്‍ത്തകരും ഇസ്രായേലിനെതിരെ പ്രതിഷേധമറിയിച്ചിരുന്നു.

പ്രൊഡ്യൂസര്‍മാര്‍ EBU-വിന് അയച്ച തുറന്ന കത്തില്‍ 2025-ലെ Eurovision Song Contest-ലും ഇസ്രായേലിനെ പങ്കെടുപ്പിക്കുന്നതില്‍ അഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി. ഈ മത്സരത്തിന്റെ ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുന്ന തരത്തിലുള്ള നടപടി കൈക്കൊള്ളണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 2022-ല്‍ ഉക്രെയിനെതിരെ പൂര്‍ണ്ണ അധിനിവേശമാരംഭിച്ച റഷ്യയെ മത്സരത്തില്‍ നിന്നും വിലക്കിയതും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതേ വിലക്ക് ഇസ്രായേലിനും ഏര്‍പ്പെടുത്തണം. അനീതിയും, അന്താരാഷ്ട്ര തലത്തില്‍ അപലപനീയവുമായ കാര്യങ്ങള്‍ നടക്കുമ്പോള്‍ Eurovison-ന് രാഷ്ട്രീയമായി നിഷ്പക്ഷത കാണിക്കാന്‍ സാധിക്കില്ലെന്നും കത്ത് ഓര്‍മ്മിപ്പിക്കുന്നു. തങ്ങളുടെ നിര്‍ദ്ദേശം ഏതെങ്കിലും രാജ്യത്തിനോ, വംശത്തിനോ, മതത്തിനോ എതിരല്ലെന്നും, ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന സൈനികനീക്കങ്ങള്‍ക്ക് എതിരെയാണെന്നും പ്രൊഡ്യൂസര്‍മാര്‍ വ്യക്തമാക്കി.

മാര്‍ച്ച് മാസം മുതല്‍ ഗാസ മുനമ്പ് പൂര്‍ണ്ണമായും ഇസ്രായേല്‍ വളഞ്ഞിരിക്കുകയാണ്. ഇവിടെ ജനങ്ങള്‍ പട്ടിണിയിലാണെന്നും, പലരും ആവശ്യത്തിന് പോഷകങ്ങള്‍ കിട്ടാതെ മരിച്ചുവെന്നും ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു.

ഇസ്രായേലിനെ Eurovison-ല്‍ പങ്കെടുപ്പിക്കരുതെന്ന് അയര്‍ലണ്ട് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇസ്രായേല്‍ ഗാസയിലേയ്ക്ക് സഹായമെത്തിക്കുന്നത് തടഞ്ഞത് കുറ്റകൃത്യമാണെന്ന് പറഞ്ഞ മാര്‍ട്ടിന്‍, Eurovision എന്നാല്‍ വെറുമൊരു സംഗീതമത്സരമല്ല, മറിച്ച് സമാധാനം, ഐക്യം, സാംസ്‌കാരിക പിന്തുണ എന്നിവയുടെ ആഘോഷം കൂടിയാണെന്നും കൂട്ടിച്ചേര്‍ത്തു. 2022-ല്‍ റഷ്യക്ക് എതിരായി എടുത്ത നിലപാട് തന്നെ ഇത്തവണയും എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: