ഡബ്ലിൻ പാർനൽ സ്‌ക്വയർ ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടി സ്‌കൂളിലേക്ക്

ഡബ്ലിന്‍ പാര്‍നല്‍ സ്‌ക്വയര്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി വീണ്ടും സ്‌കൂളിലേയ്ക്ക്. 2023 നവംബര്‍ 23-ന് പാര്‍നല്‍ സ്‌ക്വയര്‍ ഈസ്റ്റില്‍ സ്‌കൂളിന് മുന്നില്‍ വച്ചാണ് അക്രമി അന്ന് അഞ്ച് വയസുള്ള പെണ്‍കുട്ടിയടക്കം മൂന്ന് പേരെ ആക്രമിച്ചി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ ഒരു ആയയും, രണ്ട് കുട്ടികളും വൈകാതെ സുഖം പ്രാപിച്ചെങ്കിലും, അഞ്ച് വയസുകാരി 370 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് വീട്ടിലെത്തിയത്. കുട്ടിയെ സഹായിക്കാനായി GoFundMe-യില്‍ ധനസമാഹര കാംപെയിനും നടന്നിരുന്നു.

ഇപ്പോള്‍ ആറ് വയസായ പെണ്‍കുട്ടി വീണ്ടും സ്‌കൂളില്‍ പോകാന്‍ ആരംഭിച്ചതായി കുടുംബം GoFundMe വഴി അറിയിച്ചു. ഈ വര്‍ഷമാദ്യം കുട്ടി സുഖംപ്രാപിച്ചുകൊണ്ടിരിക്കുന്നതായി അറിയിച്ച കുടുംബം, കുട്ടി ആക്രമണത്തെ പറ്റി ഓര്‍ക്കുന്നില്ലെന്ന് പറഞ്ഞിരുന്നു. മാര്‍ച്ച് മാസത്തോടെ കുട്ടിയുടെ ആശയവിനിമയവും മെച്ചപ്പെട്ടു.

മെയിന്‍സ്ട്രീം സ്‌കൂളിലല്ലെങ്കിലും നിലവില്‍ മുഴുവന്‍ സമയ സ്‌കൂളില്‍ കുട്ടി പോകുന്നുണ്ടെന്ന് കുടുംബം വ്യക്തമാക്കി. തങ്ങളുടെ മകളോട് സ്‌നേഹം കാണിച്ച ഏവരോടും നന്ദിയറിയിക്കുന്നതായും കുടുംബം പറഞ്ഞു.

അതേസമയം അക്രമിയായ Riad Bouchaker (50) നിലവില്‍ ഡബ്ലിന്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്.

Share this news

Leave a Reply