അപൂര്‍വ്വമായ കാശ്മീരി ഇന്ദ്രനീലക്കല്ല് ഡബ്ലിനില്‍ 550,000 യൂറോയ്ക്ക് ലേലത്തില്‍ പോയി. യഥാര്‍ത്ഥ വിലയെക്കാള്‍ 70 മടങ്ങ് അധികം തുകയ്ക്കാണ് കല്ല് ലേലത്തില്‍ വിറ്റുപോയതെന്നും, ഇത്തരം കല്ലിന് അയര്‍ലണ്ടില്‍ ഇത്രയും ഉയര്‍ന്ന തുക ലഭിക്കുന്നത് ആദ്യമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
8,000 മുതല്‍ 12,000 യൂറോ വരെയാണ് യഥാര്‍ത്ഥ മൂല്യമെങ്കിലും, അപൂര്‍വ്വമാണ് എന്ന കാരണത്താല്‍ വലിയ ഡിമാന്‍ഡ് ഉണ്ട് കാശ്മീരി ഇന്ദ്രനീല കല്ലിന്. ഒരു മോതിരത്തിന് മുകളില്‍ പതിപ്പിച്ച നിലയിലുള്ള കല്ല്, പേര് വെളിപ്പെടുത്താത്ത ഒരു ഫ്രഞ്ചുകാരിയാണ് ലേലത്തിന് എത്തിച്ചത്. ഇവര്‍ക്ക് പാരമ്പര്യമായി ലഭിച്ചതാണിത്. Adam’s auction house ആയിരുന്നു ലേലം നടത്തിപ്പുകാര്‍.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കാശ്മീരി ഇന്ദ്രനീല കല്ലുകള്‍ക്ക് മൂന്ന് മടങ്ങാണ് മൂല്യം വര്‍ദ്ധിച്ചതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇതിന്റെ നിറവും, രൂപവുമാണ് ആളുകളെ ആകര്‍ഷിക്കുന്നത്. വടക്കേ ഇന്ത്യയിലെ ഹിമാലയത്തിലുള്ള സംസ്‌കാര്‍ മലനിരകളില്‍ 1881-ലുണ്ടായ ഒരു ഉരുള്‍പൊട്ടലിനിടെയാണ് ഇവ ആദ്യമായി കണ്ടെത്തുന്നത്. 30 മീറ്റര്‍ വിസ്തൃതിയില്‍ നീലക്കല്ലുകളുടെ ശേഖരമായിരുന്നു കണ്ടെത്തിയത്.