അയർലണ്ടിൽ പരിശോധന നടത്തിയ പകുതിയിൽ അധികം സെപ്റ്റിക് ടാങ്കുകളും മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

അയര്‍ലണ്ടില്‍ 2024-ല്‍ ഇന്‍സ്‌പെക്ഷന്‍ നടത്തിയ സെപ്റ്റിക് ടാങ്കുകളില്‍ പകുതിയിലധികവും മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് Environmental Protection Agency (EPA). 1,390 സെപ്റ്റിക് ടാങ്കുകളാണ് പോയ വര്‍ഷം തദ്ദേശസ്ഥാപനങ്ങള്‍ പരിശോധിച്ചതെന്നും, ഇതില്‍ 56 ശതമാനത്തിലധികവും മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അധികൃതര്‍ അറിയിച്ചു. പുഴകള്‍ക്കും, കുടിവെള്ളം എടുക്കുന്ന കിണറുകള്‍ക്കും സമീപത്തുള്ള സെപ്റ്റിക് ടാങ്കുകള്‍ ലക്ഷ്യമിട്ടായിരുന്നു പരിശോധനകള്‍.

പബ്ലിക് സീവേജ് സിസ്റ്റവുമായി ബന്ധിപ്പിക്കാത്ത ഇടങ്ങളിലാണ് സെപ്റ്റിക് ടാങ്കുകള്‍ നിര്‍മ്മിക്കുന്നത്. കൃത്യമായി പരിപാലിക്കാതിരിക്കുക, ലീക്ക് മുതലായ പ്രശ്‌നങ്ങളാണ് പരിശോധനകള്‍ക്കിടെ കണ്ടെത്തിയത്. അയര്‍ലണ്ടിലെ വീടുകളില്‍ മലിനജലം കളയാനുപയോഗിക്കുന്ന അഞ്ച് ലക്ഷത്തോളം സെപ്റ്റിക് ടാങ്കുകള്‍ ഉണ്ടെന്നാണ് കണക്ക്.

സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയായും, മാനദണ്ഡങ്ങള്‍ പാലിച്ചും സൂക്ഷിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നത് തടയുമെന്ന് EPA അധികൃതര്‍ പറഞ്ഞു. പരിശോധനയില്‍ പരാജയപ്പെടുന്ന ടാങ്കുകള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എന്തെല്ലാം ചെയ്യണമെന്ന് വ്യക്തമാക്കുന്ന അഡ്വൈസറി നോട്ടീസുകള്‍ നല്‍കുകയാണ് പതിവ്‌. പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി 12,000 യൂറോ വരെ ഗ്രാന്റും നല്‍കും. 2024-ല്‍ 2.5 മില്യണ്‍ യൂറോ മുടക്കി 265 ഗ്രാന്റുകളാണ് നല്‍കിയത്.

അതേസമയം ഇത്തരം നോട്ടീസുകള്‍ രണ്ട് വര്‍ഷത്തിന് മേല്‍ പരിഹാരമില്ലാതെ കിടക്കുന്ന അവസ്ഥ ഇതാദ്യമായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023-ല്‍ ഇത്തരം 576 നോട്ടീസുകള്‍ ഉണ്ടായിരുന്നത് 2024-ല്‍ 523 ആയി കുറഞ്ഞു.

 

Share this news

Leave a Reply

%d bloggers like this: