യൂറോപ്പിലെ കൗമാരക്കാർക്കിടയിൽ മദ്യം, സിഗരറ്റ്, മയക്കുമരുന്ന് ഉപയോഗം കുറഞ്ഞു; ഇ-സിഗരറ്റ്, ഗാംബ്ലിങ് എന്നിവ കൂടി

അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ കൗമാരക്കാര്‍ക്കിടയില്‍ മദ്യം, പുകവലി, നിരോധിത മയക്കുമരുന്നുകള്‍ എന്നിവയുടെ ഉപയോഗം കുറയുകയാണെന്നും, അതേസമയം ഇ-സിഗരറ്റുകള്‍, ഗെയ്മിങ്, ഗ്യാംബ്ലിങ് അഥവാ ചൂതാട്ടം എന്നിവ വര്‍ദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ട്. 37 യൂറോപ്യന്‍ രാജ്യങ്ങളിലെ 15-16 പ്രായക്കാരായ 114,000 കൗമാരക്കാരെ പങ്കെടുപ്പിച്ച് 2024-ല്‍ EU Drugs Agency ആണ് European School Survey Project on Alcohol and Other Drugs എന്ന സര്‍വേ നടത്തിയത്. സർവേയുടെ എട്ടാമത്തെ എഡിഷനാണിത്.

കൗമാരക്കാരും മദ്യവും

ജീവിതത്തില്‍ ഒരിക്കലെങ്കിലും മദ്യം ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം കുറഞ്ഞുവരുന്നതാണ് സര്‍വേയിലെ പ്രധാന കണ്ടെത്തലുകളില്‍ ഒന്ന്. 1995-ല്‍ 88% ആയിരുന്ന ഈ എണ്ണം 2024 ആകുമ്പോഴേയ്ക്കും 74% ആയി കുറഞ്ഞു. അയര്‍ലണ്ടിലാകട്ടെ ഇത് 91 ശതമാനത്തില്‍ നിന്നും കുത്തനെ 61 ശതമാനമായാണ് കുറഞ്ഞത്. ഒപ്പം അയര്‍ലണ്ടില്‍ കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ മദ്യം കഴിച്ചവര്‍ 1995-ല്‍ 66% ആയിരുന്നെങ്കില്‍, 2024-ല്‍ അത് 35% മാത്രമായും കുറഞ്ഞു. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കുറവുകളിലൊന്നാണിത്.

സിഗരറ്റ് ഉപയോഗം

സിഗരറ്റ് വലിക്കുന്നവരുടെ കാര്യത്തിലും സമാനമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പില്‍ ഒരിക്കലെങ്കിലും സിഗരറ്റ് വലിച്ച കൗമാരക്കാരുടെ എണ്ണം 1995-ല്‍ 68% ആയിരുന്നത് 2024-ല്‍ 32% ആയി കുത്തനെ കുറഞ്ഞു. അയര്‍ലണ്ടിലാകട്ടെ ഇത് 73 ശതമാനത്തില്‍ നിന്നും 31 ശതമാനത്തിലേയ്ക്കാണ് താഴ്ന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കുറവാണിത്.

കഴിഞ്ഞ 30 ദിവസത്തിനിടെ സിഗരറ്റ് ഉപയോഗിച്ചതായി പറഞ്ഞ അയര്‍ലണ്ടിലെ കൗമാരക്കാര്‍ 9% ആണ്. അഞ്ച് വര്‍ഷം മുമ്പ് ഇത് 14 ശതമാനവും, 1995-ല്‍ 41 ശതമാനവും ആയിരുന്നു ഇവരുടെ എണ്ണം.

ഇ-സിഗരറ്റ് ഉപയോഗം കൂടുന്നു

മറുവശത്ത് യൂറോപ്പില്‍ ഇ-സിഗരറ്റ് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. 2019-ല്‍ 14% കൗമാരക്കാര്‍ ഇ-സിഗരറ്റ് ഉപയോഗിച്ചിരുന്നെങ്കില്‍ 2024-ല്‍ ഇത് 22% ആയി ഉയര്‍ന്നു. അയര്‍ലണ്ടടക്കം യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളിലും പെണ്‍കുട്ടികളാണ് ഇ-സിഗരറ്റുകള്‍ കൂടുതലായി ഉപയോഗിക്കുന്നത്. അയര്‍ലണ്ടില്‍ 18% പെണ്‍കുട്ടികളാണ് 13 വയസോ, അതില്‍ താഴെയോ ഉള്ളപ്പോള്‍ ഇ-സിഗരറ്റ് പരീക്ഷിച്ച് നോക്കിയത്. ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത് 12% ആണ്.

മയക്കുമരുന്ന് ഉപയോഗം

പുകയില, മദ്യം എന്നിവയ്ക്ക് പിന്നാലെ കൗമാരക്കാര്‍ക്കിടയില്‍ നിരോധിത മയക്കുമരുന്നുകളുടെ ഉപയോഗവും കുറഞ്ഞുവരുന്നതായി സര്‍വേ വ്യക്തമാക്കുന്നുണ്ട്. യൂറോപ്പിലെ 15-16 പ്രായക്കാരില്‍ ഒരിക്കലെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രതികരിച്ചത് 14% പേരാണ്. അയര്‍ലണ്ടില്‍ ഇത് 13% ആണ്. അയര്‍ലണ്ടില്‍ 2019-ല്‍ ഇത് 20% ആയിരുന്നു.

അതേസമയം കഞ്ചാവ് ഒഴിച്ച് നിര്‍ത്തിയാല്‍ അയര്‍ലണ്ടില്‍ മറ്റ് മയക്കുമരുന്നുകളുപയോഗിച്ചതായി 2024-ല്‍ പ്രതികരിച്ച കൗമാരക്കാരുടെ എണ്ണം 4% ആണ്. 2019-ലെ സര്‍വേയില്‍ ഇത് 6% ആയിരുന്നു.

കഴിഞ്ഞ 30 ദിവസത്തിനിടെ കഞ്ചാവ് ഉപയോഗിച്ചതായി 2019-ല്‍ 9% കൗമാരക്കാര്‍ പറഞ്ഞപ്പോള്‍, 2024-ല്‍ അത് 5% ആയി കുറഞ്ഞു.

ആരോഗ്യ സംരക്ഷണത്തിനല്ലാതെയുള്ള മരുന്നുകളുടെ ഉപയോഗം വര്‍ദ്ധിക്കുന്നു

യൂറോപ്പിലാകമാനം ആരോഗ്യ സംരക്ഷണത്തിനല്ലാതെ ഫാര്‍മസ്യൂട്ടിക്കല്‍ മരുന്നുകള്‍ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം വര്‍ദ്ധിച്ചത് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് സര്‍വേ പറയുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്തരത്തില്‍ മരുന്ന് ഉപയോഗിച്ചിട്ടുണ്ട് എന്ന് പറഞ്ഞ കൗമാരക്കാരുടെ എണ്ണം 14% ആണ്. എങ്കിലും ഈ പ്രശ്‌നം അയര്‍ലണ്ടില്‍ താരതമ്യേന കുറവാണ്. 3% പേരാണ് ഇത്തരത്തില്‍ മരുന്നുപയോഗിച്ചതായി പ്രതികരിച്ചത്.

പെണ്‍കുട്ടികളാണ് ആണ്‍കുട്ടികളെക്കാള്‍ അധികമായി മരുന്നുകള്‍ ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കുന്നതെന്നും, tranquilisers, sedatives എന്നിവയാണ് ഇത്തരത്തില്‍ പതിവായി ദുരുപയോഗം ചെയ്യുന്ന മരുന്നുകളെന്നും സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. ഇവ കഴിഞ്ഞാല്‍ വേദനസംഹാരികള്‍, attention/hyperactivity medications എന്നിവയാണ് കൂടുതലായി ഉപയോഗിക്കുന്നത്. കൃത്യമായ പ്രിസ്‌ക്രിപ്ഷനോടെ എത്തിയാല്‍ മാത്രമേ മരുന്ന് കൊടുക്കാവൂ എന്നത് ഊട്ടിയുറപ്പിക്കുന്നതാണ് ഈ കണ്ടെത്തലെന്ന് EUAD പറയുന്നു.

ഗ്യാംബ്ലിങ്

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഗ്യാംബ്ലിങ്ങില്‍ കാര്യമായ വര്‍ദ്ധന ഉണ്ടായിട്ടില്ലെങ്കിലും, കൗമാരക്കാര്‍ക്കിടയില്‍ ഓണ്‍ലൈന്‍ ഗ്യാംബ്ലിങ് വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. 9% കൗമാരക്കാരാണ് ഓണ്‍ലൈന്‍ ഗ്യാംബ്ലിങ് നടത്തുന്നതായി 2024-ല്‍ പ്രതികരിച്ചത്. 2019-ലെ സര്‍വേയെ അപേക്ഷിച്ച് ഇരട്ടിയോളം വര്‍ദ്ധനയാണിത്.

അയര്‍ലണ്ടില്‍ 2019-ല്‍ കഴിഞ്ഞ 12 മാസത്തിനിടെ ഗ്യാംബ്ലിങ് നടത്തിയിട്ടുണ്ട് എന്ന് പറഞ്ഞ കൗമാരക്കാരുടെ എണ്ണം 24% ആയിരുന്നു. എന്നാല്‍ 2024 ആയപ്പോള്‍ ഇത് 29% ആയി ഉയര്‍ന്നു. ഇക്കാര്യത്തില്‍ 2024-ലെ യൂറോപ്യന്‍ ശരാശരി 22% ആണ്. പെണ്‍കുട്ടികളെ അപേക്ഷിച്ച് ഇരട്ടിയോളം ആണ്‍കുട്ടികളാണ് ഓണ്‍ലൈന്‍ ഗ്യാംബ്ലിങ് നടത്തുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഗെയിമിങ്

മറ്റൊരു കാര്യമായ വര്‍ദ്ധന ഗെയിമിങ്ങിന്റെ കാര്യത്തിലാണ്. സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലറ്റുകള്‍ എന്നിവ സര്‍വ്വസാധാരണമായതിന്റെ ഫലമായി അയര്‍ലണ്ടിലെ 87% കൗമാരക്കാരാണ് തങ്ങള്‍ കഴിഞ്ഞ 12 മാസത്തിനിടെ ഗെയിമിങ് നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ വര്‍ഷം പ്രതികരിച്ചത്. 2019-ല്‍ ഇത് 56% ആയിരുന്നു. ഇതിലും മുന്‍പന്തിയില്‍ ആണ്‍കുട്ടികളാണ്. ഗെയിമിങ് നടത്തിയതായി 93% ആണ്‍കുട്ടികള്‍ 2024-ല്‍ പ്രതികരിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ 80% ആണ്. ഇക്കാര്യത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള അന്തരം കുറഞ്ഞുവരികയുമാണ്.

യൂറോപ്പിലെ 22% കൗമാരക്കാരാണ് തങ്ങള്‍ക്ക് ഗെയിമുങ്ങുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളുണ്ടെന്ന് പ്രതികരിച്ചത്. 47% പേര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ ഉപയോഗവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പറയുന്നു.

അയര്‍ലണ്ടിലെ കൗമാരക്കാരുടെ മാനസികാരോഗ്യം

മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ അയര്‍ലണ്ടിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് സര്‍വേ വ്യക്തമാക്കുന്നു. തങ്ങളുടെ മാനസികാരോഗ്യം നല്ലതാണെന്ന് 71% ആണ്‍കുട്ടികള്‍ പ്രതികരിച്ചപ്പോള്‍, 50% പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് സ്വന്തം മാനസികാരോഗ്യത്തില്‍ തൃപ്തിയുള്ളത്.

Share this news

Leave a Reply

%d bloggers like this: