വിവാഹ റിസപ്ഷനില്‍ പങ്കെടുക്കവേ ഹോട്ടലിലെ നിലത്ത് തെന്നിവീണ നഴ്‌സിന് 72,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി. ടിപ്പററി സ്വദേശിയായ Pamela Kirby എന്ന 42-കാരിക്കാണ് 2018 ഓഗസ്റ്റ് 18-ന് Hotel Kilkenny-യില്‍ നടന്ന ഒരു വിവാഹ റിസപ്ഷനിടെ നിലത്ത് വെള്ളമുണ്ടായിരുന്നത് കാരണം തെന്നിവീണ് പരിക്കേറ്റത്. തുടര്‍ന്ന് യുവതി ഹോട്ടലിനെതിരെ പരാതി നല്‍കുകയായിരുന്നു. കില്‍ക്കെന്നി സിറ്റിയിലെ കോളജ് റോഡിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.
അതേസമയം യുവതി ഉയര്‍ന്ന ഹീല്‍ ഉള്ള ഷൂസാണ് ധരിച്ചിരുന്നതെന്നും, നിലത്ത് വെള്ളമുണ്ടായിരുന്നില്ലെന്നും ഹോട്ടല്‍ അധികൃതര്‍ കോടതിയില്‍ മറുവാദമുയര്‍ത്തിയിരുന്നു. എന്നാല്‍ ഇവര്‍ വീണത് നിലത്ത് വെള്ളം ഉണ്ടായിരുന്നതിനാല്‍ തന്നെയാണെന്ന് ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു.
വിവാഹ റിസപ്ഷന് ഉയര്‍ന്ന ഹീല്‍ ധരിക്കാന്‍ പരാതിക്കാരിക്ക് അവകാശമുണ്ടെന്നും, അഥവാ നിലത്ത് വെള്ളമുണ്ടെങ്കില്‍ അത് വ്യക്തമാക്കുന്ന മുന്നറിയിപ്പ് നല്‍കണമായിരുന്നു എന്നും കോടതി നിരീക്ഷിച്ചു. ഇത് ചെയ്യാതിരിക്കുക വഴി ഹോട്ടല്‍ അധികൃതര്‍ തങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും കോടതി പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ജഡ്ജ് പരിശോധിച്ചു. തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.