അയര്‍ലണ്ടില്‍ മലിനമാക്കപ്പെടുന്ന സ്ഥലങ്ങളുടെ എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതായി Irish Business Against Litter (IBAL). രാജ്യത്തെ 40 ടൗണുകളിലും, സിറ്റികളിലുമായി നടത്തിയ സര്‍വേയില്‍ മൂന്നില്‍ രണ്ട് പ്രദേശങ്ങളും വൃത്തിയുടെ കാര്യത്തില്‍ പൊതുവെ മുന്നിലാണെന്ന് വ്യക്തമായിട്ടുണ്ട്.
പട്ടികയില്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും Naas ആണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. Ennis, Killarney എന്നിവയാണ് പിന്നാലെ.
രാജ്യത്തെ പ്രധാന നഗരങ്ങളായ ഡബ്ലിന്‍, കോര്‍ക്ക് എന്നിവ നില മെച്ചപ്പെടുത്തിയെങ്കിലും തലസ്ഥാന നഗരത്തിലെ North Inner City, കോര്‍ക്കിലെ Northside എന്നിവിടങ്ങളിലെ സ്ഥിതി വഷളായിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പട്ടികയില്‍ ഈ രണ്ട് പ്രദേശങ്ങളും വൃത്തിയുടെ കാര്യത്തില്‍ ഏറ്റവും പിന്നിലാണ്. ഈ പ്രദേശങ്ങളില്‍ 25 ഇടത്ത് സര്‍വേ നടത്തിയതില്‍ രണ്ടിടം മാത്രമാണ് വൃത്തിയുള്ളതായി കണ്ടത്.
നേരത്തെ വൃത്തിയുടെ കാര്യത്തില്‍ ഏറെ പിന്നിലായിരുന്ന ഡബ്ലിനിലെ Middle Abbey Street, O’Connell Street, North Frederick Street, Jervis Luas-ന്റെ സമീപം എന്നിവ ഇത്തവണ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം മാലിന്യ ബ്ലാക്ക്സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളില്‍ Spencer Dock, Dorset Lane, Royal Canal പ്രദേശം എന്നിവയും ഉള്‍പ്പെടുന്നു.
North Inner City-യില്‍ മാലിന്യങ്ങള്‍ ബിന്നുകളില്‍ ശേഖരിക്കാതെ ബാഗുകളിലാക്കി വയ്ക്കുന്നത് പ്രശ്നം സൃഷ്ടിക്കുന്നതായി IBAL പറയുന്നു. ബിന്നുകള്‍ നിര്‍ബന്ധമാക്കണമെന്ന് IBAL അധികൃതര്‍ സിറ്റി കൗണ്‍സിലിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഡബ്ലിന്‍ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ കലക്ഷന്‍ വേണ്ടി പ്ലാസ്റ്റിക് ബാഗുകളില്‍ മാലിന്യം നല്‍കുന്നത് സെപ്റ്റംബര്‍ 16-ഓടെ നിരോധിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.
രാജ്യത്ത് യൂറോപ്യന്‍ നിലവാരത്തെക്കാള്‍ വൃത്തിയുള്ളതായി കണ്ട ഒമ്പത് പ്രദേശങ്ങള്‍ ഇവയാണ്: Naas, Ennis, Killarney, Leixlip, Monaghan, Sligo, Tullamore, Waterford City, Wicklow.
Dublin North Inner City, Cork Northside എന്നിവ വളരെ വൃത്തിഹീനം എന്ന് കണ്ടെത്തിയപ്പോള്‍, Galway |Inner City- Ballybane, ഡബ്ലിനിലെ താല എന്നിവ വൃത്തിഹീനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
Deposit Return Scheme ആരംഭിച്ച് ഒരു വര്‍ഷം ആയിരിക്കെ പ്ലാസ്റ്റിക് ബോട്ടിലുകള്‍, കാനുകള്‍ എന്നിവ കാരണമുള്ള മലിനീകരണം 50% കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രാജ്യത്തുടനീളം കോഫി കപ്പുകള്‍ ഉപേക്ഷിക്കുന്നത് വളരെയധികമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.