ലോകത്തിലെ മികച്ച സര്‍വ്വകലാശാലകളുടെ പട്ടികയില്‍ ഒരു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കി University College Cork (UCC). QS World University Rankings 2026-ല്‍ 27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ UCC ഇത്തവണ 246-ആമതാണ്.
വിദ്യാഭ്യാസനിലവാരം, ജീവനക്കാരുടെ നിലവാരം, അന്താരാഷ്ട്രവല്‍ക്കരണം, അദ്ധ്യാപനം, ഗവേഷണം, സുസ്ഥിരത, പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കുള്ള ജോലി സാധ്യത മുതലായ ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തി സ്വതന്ത്രമായി തയ്യാറാക്കുന്ന പട്ടികയാണ് QS World University Rankings.
കഴിഞ്ഞ വര്‍ഷത്തെ റാങ്കിങ്ങില്‍ UCC 19 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായി മൂന്ന് വര്‍ഷം UCC റാങ്കിങ്ങില്‍ മുന്നേറിക്കൊണ്ടിരിക്കുകയുമാണ്. വിവിധ ഘടകങ്ങളില്‍ സുസ്ഥിരത, അന്താരാഷ്ട്രവല്‍ക്കരണം, വിദ്യാഭ്യാസനിലവാരം, ജീവനക്കാരുടെ നിലവാരം എന്നിവയില്‍ UCC കരുത്തുകാട്ടി.
അതേസമയം പട്ടികയില്‍ 75-ആം റാങ്കോടെ ഡബ്ലിനിലെ Trinity College Dublin ആണ് ഐറിഷ് യൂണിവേഴ്സിറ്റികളില്‍ ഒന്നാമത്. University College Dublin-ന്റെ റാങ്ക് 118 ആണ്. മൂന്നാം സ്ഥാനത്തുള്ള ഐറിഷ് യൂണിവേഴ്സിറ്റിയാണ് UCC. University of Galway 284-ആം സ്ഥാനത്തുണ്ട്. University of Limerick (401), Dublin City University (410), Maynooth University (771-780), Technological University Dublin 781-790 എന്നിവയും പട്ടികയിലുണ്ട്.
106 പ്രദേശങ്ങളിലെ 1,501 യൂണിവേഴ്സിറ്റികളാണ് അവസാന റാങ്കിങ്ങില്‍ ഇടംപിടിച്ചിരിക്കുന്നത്. യുഎസിലെ Massachusetts Institute of Technology (MIT) ആണ് ഒന്നാമത്. യുകെയിലെ Imperial College London, യുഎസിലെ Stanford University എന്നിവ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.