ആയിരക്കണക്കിന് പേർ അണിനിരന്ന് ഡബ്ലിനിൽ പ്രൈഡ് പരേഡ്; പ്രധാനമന്ത്രി അടക്കമുള്ളവർ പങ്കെടുത്തു

ഭിന്നലൈംഗിക ആഭിമുഖ്യമുള്ളവരുടെ ആഘോഷമായ പ്രൈഡ് പരേഡില്‍ അയര്‍ലണ്ടില്‍ ഇത്തവണ പങ്കെടുത്തത് ആയിരക്കണക്കിന് പേര്‍. ഡബ്ലിനില്‍ ശനിയാഴ്ച നടന്ന പരേഡില്‍ 12,000-ലധികം പേര്‍ പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു. രാജ്യത്ത് ലിംഗം വ്യത്യാസമില്ലാതെ ആര്‍ക്കും പരസ്പരം വിവാഹത്തിന് നിയമപരമായി അനുമതി നല്‍കിയതിന്റെ പത്താം വാര്‍ഷികം കൂടിയാണിത് എന്നത് പ്രൈഡ് പരേഡിന്റെ മാറ്റ് കൂട്ടി.

ഡബ്ലിനില്‍ ഉച്ചയ്ക്ക് 12.30-ഓടെ O’Connel Street-ല്‍ നിന്നും ആരംഭിച്ച പരേഡ്, Eden Quay, Custom House Quay വഴി Talbot Memorial Bridge, Lombard Street, Westland Row എന്നിവ കടന്ന് Merrion Square-ല്‍ അവസാനിച്ചു. പരേഡില്‍ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, ലേബര്‍ പാര്‍ട്ടി നേതാവ് ഇവാന ബാസിക്, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടിഡി പോള്‍ മര്‍ഫി, പൊതുധനവിനിയോഗ വകുപ്പ് മന്ത്രി ജാക്ക് ചേംബേഴ്‌സ് എന്നിവര്‍ പങ്കെടുത്തു. Merrion Square-ലെ Pride Village-ല്‍ ഒത്തുകൂടിയ പരേഡില്‍ പ്രഭാഷണങ്ങളും, വിനോദപരിപാടികളും നടന്നു. സംഗീതപരിപാടികള്‍, ഭക്ഷണശാലകള്‍ മുതലായവയും ടിക്കറ്റ് ഇല്ലാതെ പ്രവേശിക്കാവുന്ന ഫെസ്റ്റിവലില്‍ ഉണ്ടായിരുന്നു.

സ്വവര്‍ഗാനുരാഗികളുടെ അവകാശത്തിനും, തുല്യതയ്ക്കുമായി പലതും സര്‍ക്കാര്‍ മുമ്പ് ചെയ്തിട്ടുണ്ടെങ്കിലും, ചെയ്യാന്‍ ഇനിയുമേറെയുണ്ടെന്നറിയാം എന്ന് പ്രധാനമന്ത്രി മാര്‍ട്ടിന്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ വ്യക്തമാക്കി. LGBTQ+ സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞ മാര്‍ട്ടിന്‍, ആഗോളമായി LGBTQ+ അംഗങ്ങള്‍ക്ക് നേരെയുള്ള ഉപദ്രവങ്ങളും, അപമാനിക്കലും വര്‍ദ്ധിച്ചിട്ടുണ്ടെന്നും, ഇത് കാരണം അയര്‍ലണ്ടിലെ സമൂഹത്തിലും പലരും അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അയര്‍ലണ്ടില്‍ LQBTQ+ അംഗങ്ങള്‍ക്ക് സുരക്ഷിതമായ ഇടം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ കഠിനാദ്ധ്വാനം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

436Gay Pride Parade_90729019

അതേസമയം ആരോഗ്യരംഗത്ത് ട്രാന്‍സ് വ്യക്തികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കണമെന്ന് ഏതാനും ചിലര്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിഷേധ സ്വരമുയര്‍ത്തുകയും ചെയ്തു.

പ്രസിഡന്റ് എന്ന നിലയില്‍ അവസാന വര്‍ഷമെത്തി നില്‍ക്കുന്ന മൈക്കല്‍ ഡി ഹിഗ്ഗിന്‍സ്, പ്രൈഡ് പരേഡിന് ആശംസകള്‍ നേര്‍ന്നു. വാര്‍ഷികമായി നടക്കുന്ന പ്രൈഡ് പരേഡ് LGBTQ+ സമൂഹത്തിന്റെ അവകാശങ്ങള്‍, അഭിമാനം, സന്തോഷം എന്നിവ വിളിച്ചോതുന്നതാണെന്ന് ഹിഗ്ഗിന്‍സ് പറഞ്ഞു. സുരക്ഷിതമല്ലാതിരുന്ന കാലത്ത് ധൈര്യസമേതം പ്രൈഡ് മാര്‍ച്ച് നടത്തി വഴിവെട്ടിയവരെ ഓര്‍ക്കേണ്ട സമയമാണിതെന്ന് പറഞ്ഞ അദ്ദേഹം, കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ അയര്‍ലണ്ടില്‍ LGBTQ+ സമൂഹത്തിന്റെ അവകാശങ്ങള്‍, പരിഗണ എന്നിവയില്‍ വലിയ രീതിയില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ യാത്ര പൂര്‍ത്തിയായിട്ടില്ലെന്നും, ഇനിയുമേറെ മുന്നേറാനുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

Share this news

Leave a Reply