മാനേജര്‍ ‘come on, be a man’ എന്ന് കമന്റ് ചെയ്തതിനെത്തുടര്‍ന്ന് പരാതിക്കാരനായ ജോലിക്കാരന് 1,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ Workplace Relations Commission (WRC) വിധി. ഷോപ്പ് സൂപ്പര്‍വൈസറായ സിദ്ധാര്‍ത്ഥ് തിരുനാവുക്കരശിന് നഷ്ടപരിഹാരത്തുക നല്‍കാനാണ് Circle K-യോട് WRC ഉത്തരവിട്ടത്. ഇത്തരമൊരു കമന്റ് പറഞ്ഞതിലൂടെ മാനേജറായ Julita Howe പരാതിക്കാരനെ അപമാനിക്കുകയാണ് ചെയ്തതെന്നും കമ്മീഷന്‍ പറഞ്ഞു. Employment Equality Act 1998 പ്രകാരമായിരുന്നു കേസ്.
സൗത്ത് വെസ്റ്റ് ഡബ്ലിനിലെ താലയിലുള്ള Belgard filling station Circle K Belgard ഔട്ട്‌ലെറ്റിലെ ടോയ്‌ലറ്റ് ഉപയോഗിച്ച ഒരു ഭവനരഹിതനോട്, വിസര്‍ജ്ജ്യം വൃത്തിയാക്കിയില്ലെങ്കില്‍ ഗാര്‍ഡയോട് പരാതിപ്പെടുമെന്ന് മാനേജര്‍ ഭീഷണിപ്പെടുത്തുന്നതിനിടെയാണ് സംഭവം. ഇയാള്‍ ടോയ്‌ലറ്റ് വൃത്തിയാക്കുന്നത് മേല്‍നോട്ടം വഹിക്കാന്‍ പരാതിക്കാരനായ സിദ്ധാര്‍ത്ഥിനെ മാനേജര്‍ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇതിന് വിസമ്മതിച്ച സിദ്ധാര്‍ത്ഥിനെ മാനേജറായ Julita Howe നിര്‍ബന്ധിക്കുകയും, വഴക്ക് പറയുകയും ചെയ്തു എന്ന് പരാതിയില്‍ പറയുന്നു. ടോയ്‌ലറ്റിന്റെ ഡോര്‍ തുറന്നുപിടിച്ച് കൊടുക്കാനും മാനേജര്‍ ആവശ്യപ്പെട്ടിരുന്നു. നാറ്റം കാരണം സുഖമില്ലാതെ വന്ന സിദ്ധാർത്ഥ്, തനിക്ക് അവിടെ നില്‍ക്കാന്‍ പറ്റില്ലെന്ന് വീണ്ടും ബുദ്ധിമുട്ട് പറഞ്ഞപ്പോഴാണ് മാനേജര്‍ ‘come on, be a man,’ എന്ന് പറഞ്ഞുകൊണ്ട് നിര്‍ബന്ധിച്ചത്. ശേഷം ബാക്കിയുള്ള വൃത്തികേടുകള്‍ കഴുകിക്കളയാന്‍ തന്നോട് ആവശ്യപ്പെട്ടതായും, മറ്റ് ജോലിക്കാരോടൊന്നും തന്നെ അങ്ങനെ ആവശ്യപ്പെടുകയുണ്ടായില്ലെന്നും പരാതിയില്‍ സിദ്ധാര്‍ത്ഥ് പറയുന്നു.
തന്നോട് വിവേചനപരമായാണ് മാനേജര്‍ പെരുമാറിയതെന്ന് പറഞ്ഞ സിദ്ധാര്‍ത്ഥ് ഇത് സംബന്ധിച്ച് Cirle K-യ്ക്ക് പരാതി നല്‍കിയെങ്കിലും ‘come on, be a man,’ എന്ന് പറഞ്ഞതിന് തെളിവില്ല എന്നായിരുന്നു എച്ച് ആര്‍ വിഭാഗത്തിന്റെ അന്വേഷണത്തില്‍ മറുപടി ലഭിച്ചത്. അതേസമയം മാനേജര്‍ ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ പറഞ്ഞത് കമ്പനി നയങ്ങള്‍ക്ക് എതിരാണെന്ന് കണ്ടെത്തുകയും ചെയ്തു.
തുടര്‍ന്ന് കേസ് WRC-യില്‍ എത്തിയപ്പോള്‍ ‘be a man’ എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വിവേചനപരമോ, മുന്‍ധാരണയോടെയോ അല്ലായിരുന്നു എന്ന് Circle K വാദിച്ചു. വിവേചനപരമല്ലെങ്കിലും സിദ്ധാര്‍ത്ഥിന് അപമാനകരമായി ആ കമന്റ് തോന്നിയതിനാല്‍ 1,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ WRC വിധിക്കുകയായിരുന്നു.