അയർലണ്ടിൽ കുട്ടികൾ സ്വയം നിർമ്മിക്കുന്ന ലൈംഗിക ദൃശ്യങ്ങൾ ഓൺലൈനിൽ 166% വർദ്ധിച്ചു

അയര്‍ലണ്ടില്‍ കുട്ടികള്‍ സ്വയം നിർമ്മിക്കുന്ന ലൈംഗികച്ചുവയുള്ള ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവര്‍ ഓണ്‍ലൈനില്‍ പ്രത്യപ്പെടുന്നത് 166% വര്‍ദ്ധിച്ചതായി The Irish Internet Hotline (IIH). കുട്ടികള്‍ സ്വയം എടുക്കുന്ന ഇത്തരം ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ ‘self-generated’ child sexual abuse material (CSAM) എന്നാണ് അറിയപ്പെടുന്നത്.

അതേസമയം കുട്ടികള്‍ സ്വയം ഇവ ഷൂട്ട് ചെയ്തു എന്നതിനര്‍ത്ഥം അവര്‍ സമ്മതത്തോടെയോ, മനഃപ്പൂര്‍വ്വമോ, അനന്തരഫലങ്ങളെ പറ്റി അറിഞ്ഞോ ആയിരിക്കണം അത് ചെയ്യുന്നതെന്ന് അര്‍ത്ഥമില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ആരുടെയെങ്കിലും ഭീഷണിക്കോ മറ്റോ വഴങ്ങി കുട്ടികള്‍ ദൃശ്യങ്ങള്‍ സ്വയമെടുത്ത് നല്‍കുന്നതുമാകാം.

2024-ല്‍ കുട്ടികളുടെ 44,955 ലൈംഗികദൃശ്യങ്ങളാണ് ഓണ്‍ലൈനില്‍ കണ്ടെത്തിയിട്ടുള്ളതെന്ന് അനലിസ്റ്റുകള്‍ പറയുന്നു. ഇതില്‍ 11,505 എണ്ണം സ്വയം എടുത്തത് എന്ന് തോന്നിപ്പിക്കുന്നവയാണ്. 2023-ല്‍ ആകെ കണ്ടെത്തിയ 29,197 ദൃശ്യങ്ങളില്‍ 4,322 എണ്ണമായിരുന്ന കുട്ടികള്‍ സ്വയം എടുത്തത്. അതായത് ഒരു വര്‍ഷത്തിനിടെ ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയ വര്‍ദ്ധന 166%.

കുട്ടികളുടെ നഗ്നതയോ, ലൈംഗികദൃശ്യങ്ങളോ ഇത്തരത്തില്‍ കൂടുതലായി പ്രത്യക്ഷപ്പെടുന്നത് ആശങ്കപ്പെടുത്തുന്നതാണ്. കുട്ടികളെയും, അവരുടെ പ്രവൃത്തികളെയും സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതാണ് ഇതിന് പരിഹാരമായി രക്ഷിതാക്കള്‍ ചെയ്യേണ്ടത്. അവരോട് തുറന്ന് സംസാരിക്കുകയും, എന്ത് പ്രശ്‌നവും നിങ്ങളോട് പങ്കിടാമെന്ന് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്യണം. അല്ലാത്തപക്ഷം കുട്ടികള്‍ വലിയ പ്രശ്‌നത്തില്‍ ചെന്നുപെട്ടേക്കാം.

Share this news

Leave a Reply