അയര്‍ലണ്ടിലെ ഭവനപ്രതിസന്ധി പരിഹരിക്കുന്നതിനായി അപ്പാര്‍ട്ട്‌മെന്റുകളുടെ വലിപ്പം കുറയ്ക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഭവനമന്ത്രി ജെയിംസ് ബ്രോണ്‍ കൊണ്ടുവന്ന മാര്‍ഗ്ഗനിര്‍ദ്ദേശം മന്ത്രിസഭ ചൊവ്വാഴ്ച അംഗീകരിച്ചു. സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകളുടെ മിനിമം വലിപ്പം 37 സ്‌ക്വയര്‍ മീറ്ററില്‍ നിന്നും 32 സ്‌ക്വയര്‍ മീറ്ററാക്കി കുറയ്ക്കുക അടക്കമുള്ള മാറ്റങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്നത്.
പുതിയ നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന്റെ മിനിമം വലിപ്പം (2 പേര്‍ക്കുള്ളത്) 45 സ്‌ക്വയര്‍ മീറ്റര്‍, ടു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ് (3 പേര്‍ക്ക്) 63 സ്‌ക്വയര്‍ മീറ്റര്‍, ടു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ് (4 പേര്‍ക്ക്) 73 സ്‌ക്വയര്‍ മീറ്റര്‍, ത്രീ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ് (4 പേര്‍ക്ക്) 76 സ്‌ക്വയര്‍ മീറ്റര്‍, ത്രീ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ് (5 പേര്‍ക്ക്) 90 സ്‌ക്വയര്‍ മീറ്റര്‍ എന്നിങ്ങനെയായി കുറയും.
ലിഫ്റ്റ്, സ്റ്റെയര്‍വെല്‍ എന്നിവയ്ക്കുള്ള നിര്‍ദ്ദേശങ്ങളിലും ഇളവ് വരുത്തും.
നിര്‍മ്മാണച്ചെലവ് കുറയ്ക്കുക, നിലവില്‍ നിര്‍മ്മാണം നിര്‍ത്തിവച്ചിരിക്കുന്നവ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കുക മുതലായവയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവഴി നിര്‍മ്മാണച്ചെലവ് 50,000 മുതല്‍ 100,000 യൂറോ വരെ കുറയ്ക്കാന്‍ സാധിക്കുമെന്നും മന്ത്രി പറയുന്നു. അതേസമയം ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, തീപിടിത്ത സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനൊപ്പം നിര്‍മ്മാണം ആരംഭിച്ചിട്ടില്ലാത്ത പദ്ധതികളുടെ ഡിസൈനില്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കാതെ തന്നെ ബില്‍ഡര്‍മാര്‍ക്ക് മാറ്റം വരുത്താന്‍ അനുമതി നല്‍കുന്നതിനുള്ള നിയമവും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. 2040 ആകുമ്പോഴേയ്ക്കും വര്‍ഷം തോറും 50,000 പുതിയ വാസസ്ഥലങ്ങള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തിലേയ്‌ക്കെത്താന്‍ ഈ നടപടികള്‍ സഹായകമാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. നഗരപ്രദേശങ്ങളിലെ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും.
വിമര്‍ശനവുമായി പ്രതിപക്ഷം
അതേസമയം നിയമമാറ്റം വരുത്താനുള്ള നിര്‍ദ്ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein രംഗത്തെത്തി. ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും ചെയ്യുകയും, വ്യത്യസ്തമായ ഫലം ലഭിക്കുമെന്ന് കരുതുകയും ചെയ്യുന്നത് ഭ്രാന്താണെന്ന് പാര്‍ട്ടി വക്താവ് Eoin O Broin പറഞ്ഞു. മാറ്റം നടപ്പിലായാല്‍ നിലവാരമില്ലാത്ത, ചെറിയ, വെളിച്ചം കുറവുള്ള അപ്പാര്‍ട്ട്‌മെന്റുകളുടെ എണ്ണം കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പാര്‍ട്ട്‌മെന്റുകളുടെ വലിപ്പം കുറച്ചാല്‍ നിര്‍മ്മാണച്ചെലവില്‍ വലിയ ലാഭമുണ്ടാകുമെന്ന മന്ത്രിയുടെ വാദവും അദ്ദേഹം തള്ളി. വണ്‍ ബെഡ് അപ്പാര്‍ട്ട്‌മെന്‌റുകള്‍, സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയുടെ വലിപ്പം മൂന്ന് മുതല്‍ ഏഴ് വരെ സ്‌ക്വയര്‍ മീറ്റര്‍ വരെ കുറച്ചാല്‍ വെറും 9,000 യൂറോ മാത്രമേ ഒരു അപ്പാര്‍ട്ട്‌മെന്റിന് നിര്‍മ്മാണച്ചെലവില്‍ കുറവ് വരികയുള്ളൂ എന്ന് ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു സ്ഥലത്തെ ജനസാന്ദ്രത വര്‍ദ്ധിപ്പിച്ചാല്‍ അവിടെ സ്ഥലത്തിന് വില ഉയരുക മാത്രമേ ചെയ്യുകയുള്ളൂ എന്ന് പറഞ്ഞ Eoin O Broin, ഇതുപോലെ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിച്ചാല്‍ അവയുടെയെല്ലാം വില വീണ്ടും ഉയരുക മാത്രമേയുള്ളൂ എന്നും അഭിപ്രായപ്പെട്ടു.