കൗണ്ടി കാവനില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തിയതില്‍ അന്വേഷണമാരംഭിച്ച് Inland Fisheries Ireland (IFI). Ballinagh River-ന്റെ തീരത്ത് ഏകദേശം 1 കി.മീ ദൂരത്തിലാണ് 1,000-ഓളം മത്സ്യങ്ങളെ ചത്ത നിലയില്‍ കണ്ടെത്തിയത്. വെള്ളത്തില്‍ മാലിന്യം കലര്‍ന്നതാകാം ഇതിന് കാരണമെന്ന് ഒരു പ്രദേശവാസിയാണ് ഞായറാഴ്ച വൈകിട്ട് IFI-യെ അറിയിച്ചത്.
തുടര്‍ന്ന് സ്ഥലത്തെത്തിയ അധികൃതര്‍ വെള്ളത്തിന്റെ സാംപിള്‍ സ്വീകരിച്ച് പരിശോധനയ്ക്കായി കൊണ്ടുപോയി. ജലം മലിനമായിട്ടുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണവും നടത്തും. അതേസമയം രാജ്യത്ത് ഈയിടെ അന്തരീക്ഷ താപനില കുത്തനെ ഉയര്‍ന്നതും, വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതുമാണ് മത്സ്യങ്ങളുടെ മരണകാരണമെന്ന് കരുതുന്നില്ലെന്ന് IFI പ്രതികരിച്ചു.
നിങ്ങളുടെ പ്രദേശത്ത് ജലം മലിനമാക്കപ്പെടുന്നതോ, മത്സ്യങ്ങള്‍ കൂട്ടത്തോടെ ചാകുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 0818 34 74 24 എന്ന നമ്പറില്‍ IFI-യെ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ച കൗണ്ടി കോര്‍ക്കിലെ Ballybrack stream-ലും ഇത്തരത്തില്‍ 1,500-ഓളം മത്സ്യങ്ങള്‍ കൂട്ടമായി ചത്തിരുന്നു. ഇതില്‍ IFI അന്വേഷണം നടക്കുകയാണ്.