അയർലണ്ടിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി 108-ആം വയസിൽ അന്തരിച്ചു

അയര്‍ലണ്ടിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി 108-ആം വയസില്‍ അന്തരിച്ചു. Co Wicklow-യിലെ Knockatomcoyle സ്വദേശിയായ Sarah Coyle ആണ് തിങ്കളാഴ്ച വിടവാങ്ങിയത്. ഡബ്ലിനിലെ മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

1916 ജൂലൈ 24-നായിരുന്നു സാറയുടെ ജനനം. കൗമാരകാലത്ത് ഡബ്ലിനിലേയ്ക്ക് മാറി. 1919-1921-ലെ ഐറിഷ് സ്വാതന്ത്രസമരകാലത്തെ ഓര്‍മ്മകളും സാറയ്ക്കുണ്ടായിരുന്നു. സാറ വളരെ ചെറിയ കുട്ടിയായിരുന്ന സമയത്ത് സാറയുടെ മുത്തച്ഛനെ ബ്രിട്ടീഷുകാര്‍ (Black and Tans) വീട്ടില്‍ നിന്നും പിടികൂടി വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു. തനിക്ക് നേരെ തോക്ക് ചൂണ്ടിയപ്പോള്‍ ‘ദൈവഹിതം പോലെ സംഭവിക്കട്ടെ’ എന്ന് മുത്തച്ഛന്‍ പറയുകയും, അതുകേട്ട ബ്രിട്ടീഷുകാരുടെ നേതാവ് എന്തോ കാരണത്താല്‍ വെടിവയ്ക്കണ്ട എന്ന് ഉത്തരവിടുകയും ചെയ്യുകയായിരുന്നു.

സാറയുടെ സഹോദരങ്ങളില്‍ പലരും ദീര്‍ഘായുസ്സുള്ളവരാണ്. അനുജത്തിയായ ലില്ലി കെല്ലിക്ക് ഈ വര്‍ഷം 103 വയസ് തികഞ്ഞു. സഹോദരന്‍ ആന്‍ഡി 100 വയസ് വരെ ജീവിച്ചിരുന്നു.

ആദ്യകാലത്ത് ഹൗസ് കീപ്പറായി ജോലി ചെയ്ത സാറ പിന്നീട് ടോം കോയ്‌ലിനെ കണ്ടുമുട്ടുകയും വിവാഹിതയാകുകയും ചെയ്തു. Drumcondra-യിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 1980-ല്‍ ടോം അന്തരിച്ചു. പോസ്റ്റ്മാനായിരുന്നു ടോം. ഇരുവര്‍ക്കും നാല് മക്കള്‍ ജനിച്ചിരുന്നു. ഇതില്‍ രണ്ട് പേര്‍ നവജാതശിശുക്കളായിരിക്കുമ്പോഴേ മരിച്ചു.

Share this news

Leave a Reply