കേരള രാഷ്ട്രീയത്തിലെ അതികായനും, മുന്‍മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ അന്തരിച്ചു. സിപിഐഎമ്മിന്റെ സ്ഥാപകനേതാക്കളില്‍ ഒരാള്‍ കൂടിയായ വി.എസ് ഏതാനും നാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ടായിരുന്നു 102-കാരനായ സമരസഖാവിന്റെ അന്ത്യം. ജൂണ്‍ 23-നാണ് അദ്ദേഹത്തെ നില ഗുരുതരമായതോടെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കേരളത്തിലെ പ്രധാനപ്പെട്ട ഒട്ടനേകം സമരങ്ങളില്‍ പങ്കെടുത്ത അദ്ദേഹത്തിന്റെ ജീവിതം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കൂടി ചരിത്രമാണ്. പലവട്ടം പൊലീസ് മര്‍ദ്ദനവും, ജയില്‍വാസവും അനുഭവിച്ച വി.എസ് പിന്നീട് ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവ് എന്ന നിലയിലും പേരെടുത്തു.
1923 ഒക്ടോബര്‍ 20-ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനിച്ച വി.എസ്, 2006 മുതല്‍ 2011 വരെ കേരള മുഖ്യമന്ത്രിയായിരുന്നു. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐഎം രൂപീകരണത്തില്‍ പങ്കാളിയായി. മൂന്ന് തവണ സിപിഐഎം സംസ്ഥാന സെക്രട്ടറിയായ അദ്ദേഹം 1985 മുതല്‍ 2009 വരെ പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്നു. 1967-ല്‍ അമ്പലപ്പുഴയില്‍ നിന്നും ആദ്യമായി ജയിച്ച് നിയമസഭയിലെത്തി.
ആലപ്പുഴ മെഡിക്കല്‍ കോളജിലെ റിട്ടയേഡ് ഹെഡ് നഴ്‌സ് ആയ വസുമതിയാണ് ഭാര്യ. മക്കള്‍: ഡോ. വി.വി. ആശ, ഡോ. വി.എ. അരുണ്‍കുമാര്‍.